പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്: മന്ത്രി എം.ബി. രാജേഷ് സൗത്ത് മാറാടി ഗവ യു.പി സ്കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സൗത്ത് മാറാടി ഗവ യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ നിന്ന് വിട്ടുപോകുന്ന സ്ഥിതിമാറി. പൊതുവിദ്യാഭ്യാസ മേഖയിലെ മാറ്റത്തിന്റെ ഫലമായി സര്‍ക്കാര്‍ സ്കൂളുകള്‍ തേടി വരികയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പൊതുവിദ്യാലയങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസ്യത അനുദിനം വര്‍ദ്ധിച്ചു വരുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം പഠന ഗുണനിലവാരവും ഉയരുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് മാറാടി ഗവ.യു.പി സ്കൂളെന്നും മന്ത്രി പറഞ്ഞു.
ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് സാധാരണക്കാരായ കുട്ടികള്‍ക്കാണ്. പഠിക്കണം എന്നാഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. എത്ര പാവപ്പെട്ടവനും വിദ്യാഭ്യാസം വഴി ഉന്നതങ്ങളില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് സ്കൂളിലെ പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്. 406.01 ചതുരശ്ര മീറ്റര്‍ വലുപ്പത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ 200 ലധികം വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്.
മാത്യു കുഴല്നാടന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിന്, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി അബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ( മൂവാറ്റുപുഴ) ആര്. വിജയ, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ ബോബി ജോര്‍ജ്, പ്രധാന അധ്യാപിക എം. എം ബിന്ദു, പി.ടി.എ ഭാരവാഹികള്‍, സ്കൂള്‍ വികസന സമിതി ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments