Skip to main content

ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍ പരിശോധന നടത്തി

 

ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പറവൂര്‍, കൊച്ചി, ഇരുമ്പനം, കാക്കനാട് എന്നീ പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. നാല് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. ജില്ലയിലെ 50 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയ ഫോര്‍ട്ടുകൊച്ചി എ  വണ്‍, മട്ടാഞ്ചേരി കായീസ്, മട്ടാഞ്ചേരി സിറ്റി സ്റ്റാര്‍, കാക്കനാട് ഷേബ ബിരിയാണി എന്നീ ഹോട്ടലുകളുടെയും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഇരുമ്പനം ഗുലാന്‍ തട്ടുകട, നോര്‍ത്ത് പറവൂര്‍ മജിലിസ് എന്നീ ഹോട്ടലുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിച്ചു.   

19 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള നോട്ടീസും 11 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിനും നോട്ടീസ് നല്‍കി. 

കോട്ടയം ജില്ലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേകത നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഭക്ഷണശാലകളില്‍ പരിശോധന നടത്തുന്നത്. പരിശോധനയില്‍ എം.എന്‍ ഷംസിയ, ആദര്‍ശ് വിജയ്, നിമിഷാ ഭാസ്‌കര്‍, സിന്ധ്യ ജോസ്, വിമലാ മാത്യു, ടിജോ വര്‍ഗീസ്, കൃപാ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.  സ്‌ക്വാഡിന്റെ രാത്രികാല പരിശോധനകള്‍ തുടരുകയാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ അറിയിച്ചു.

date