Skip to main content

ശുചിത്വ പോരാട്ടത്തിൽ കേരളത്തിന്റെ സേനയാണ് ഹരിത കർമ സേന: മന്ത്രി എം.ബി രാജേഷ്

ശുചിത്വ കേരളത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ സേനയാണ് ഹരിത കർമ സേനയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പിറവം നഗരസഭ കാര്യാലയത്തിന്റെ പുതുതായി നിർമിച്ച അനക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ഹരിത കർമസേനയെ നിയോഗിച്ചതും യൂസർ ഫീസ് വാങ്ങുന്നതും സർക്കാർ നിർദ്ദേശപ്രകാരമാണ്. ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഉടൻ തന്നെ ഇത് നിയമമാക്കും. ഏതോ വിവരാവകാശം ലഭിച്ചു എന്ന പേരിൽ ഹരിത കർമസേനക്കെതിരായി വ്യാജ പ്രചാരണം നടത്തുന്നത് ഗുരുതരമായ സാമൂഹ്യ വിരുദ്ധ പ്രവർത്തനമായാണ് സർക്കാർ കാണുന്നത്. ഇതിനെതിരെ  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങൾക്കെല്ലാം ചേർത്ത് ഹരിത ട്രിബ്യൂണൽ 28,800 കോടി രൂപ പിഴ വിധിച്ചപ്പോൾ കേരളത്തിന് ഒരു ചില്ലിക്കാശ് പോലും പിഴ അടക്കേണ്ടി വന്നിരുന്നില്ല. ഇതിന് പ്രധാന കാരണം  ഹരിത കർമ സേനയുടെ പങ്കാണ്. ഇന്ത്യയിലെ നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി നിലവിൽ വന്നത് ഇവിടെയാണെന്നും മന്ത്രി പറഞ്ഞു.
 
സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വരുമാനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. വരുമാനം വർദ്ധിച്ചാൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങും. ഇതിനായി പെർമിറ്റ് ഫീസ് ഉൾപ്പെടെയുള്ളവയിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
 
ചടങ്ങിൽ  അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി സലീം, സ്ഥിരം സമിതി അധ്യക്ഷരായ വത്സല വർഗീസ്, ജൂബി പൗലോസ്, ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ,  വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

ഗ്രാമ പഞ്ചായത്തായിരുന്ന പിറവത്തെ നഗരസഭയായി ഉയർത്തിയപ്പോൾ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സർക്കാർ അനുവദിച്ച മൂന്നു കോടി രൂപ ചെലവാക്കിയാണ് കെട്ടിടം നിർമിച്ചത്. പിറവം പുഴയ്ക്ക് സമീപത്തുള്ള നഗരസഭ കാര്യാലയത്തിന്റെ പ്രധാന കെട്ടിടത്തിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി കോട്ടപ്പുറത്തെ 21 സെന്റ് സ്ഥലത്താണ് മൂന്ന് നിലകളിലായി കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതിനെ ഷോപ്പിംഗ് കോംപ്ലക്സ് കൂടിയായി ഉപയോഗിച്ച് വരുമാനം കണ്ടെത്താനാണ് നഗരസഭയുടെ തീരുമാനം.

date