Skip to main content

'ഫൈൻട്യൂൺ' പഠന പ്രോത്സാഹന  പരിപാടിക്ക് തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും ജില്ലാ ഇൻഫർമേഷൻ ഓഫീസും ചേർന്ന് നടത്തുന്ന 'ഫൈൻട്യൂൺ' പഠന പ്രോത്സാഹന പരിപാടിക്ക് തുടക്കമായി. ചൊവ്വ ഹയർസെക്കണ്ടറി സ്‌കൂളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ബൗദ്ധികവും ക്രിയാത്മകവുമായ കഴിവുകളെ നിഷ്‌ക്രിയമാക്കുന്നതാണ് ലഹരി വസ്തുക്കളെന്നും അവയുടെ ഉപയോഗം മനുഷ്യനെ തകർച്ചയിലേക്ക് നയിക്കുന്നുവെന്നും എം എൽ എ പറഞ്ഞു. എല്ലാവർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്ന നയമാണ് നമ്മുടെ സർക്കാർ സ്വീകരിച്ചു വരുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും എം എൽ എ പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് നിർമിച്ച ഹ്രസ്വചിത്രം 'ദി ട്രാപ്പ്' ചടങ്ങിൽ പ്രകാശനം ചെയ്തു. ലഹരിമുക്ത ബോധവത്കരണത്തിന്റെ ഭാഗമായുള്ള 'കണ്ണൂർ ഗസറ്റ്' പ്രത്യേക പതിപ്പിന്റെ സ്‌കൂൾ തല വിതരണോദ്ഘാടനവും നടത്തി. എം എൽ എയിൽ നിന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ പതിപ്പ് ഏറ്റുവാങ്ങി.
പഠന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ബി ആർ സികളിലെ തെരഞ്ഞെടുക്കപ്പെട്ട 15 സ്‌കൂളുകളിലാണ് പരിപാടി നടത്തുക. പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം വിദ്യാർഥികളുമായുള്ള ആശയവിനിമയം, അവതരണം, ഹ്രസ്വചിത്ര പ്രദർശനം തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകളും നടക്കും.
ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസർ ഇ സി വിനോദ് പദ്ധതി വിശദീകരിച്ചു. ഹയർസെക്കണ്ടറി മുൻ ജില്ലാ കോ-ഓർഡിനേറ്റർ പി ഒ മുരളീധരൻ ക്ലാസെടുത്തു.
കോർപറേഷൻ കൗൺസിലർ സി എം പത്മജ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ പ്രേംകൃഷ്ണൻ, ഹയർസെക്കണ്ടറി അസി. കോ-ഓർഡിനേറ്റർ ഡോ. ദീപേഷ്,  ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ്കുമാർ, കണ്ണൂർ ഡി ഇ ഒ കെ സുനിൽകുമാർ, എ ഇ ഒ കെ പി പ്രദീപ് കുമാർ, ബി പി സി കെ സി സുധീർ, സ്‌കൂൾ പ്രിൻസിപ്പൽ പി കെ സരിത, പ്രധാനാധ്യാപകൻ കെ കെ വിനോദ്കുമാർ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ, അധ്യാപകർ, സ്‌കൂൾ കൗൺസലർമാർ, റിസോഴ്‌സ് പേഴ്‌സൺമാർ തുടങ്ങിയവർ പങ്കെടുത്തു

date