Skip to main content
ക്ഷീര വികസന വകുപ്പ് പഴയന്നൂർ ക്ഷീരവികസന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിന്റെ ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു

പാഞ്ഞാൾ സ്കൂളിൽ സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ്

 

വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള വിദ്യാഭ്യാസം വേണം: മന്ത്രി കെ രാധാകൃഷ്ണൻ 

ക്ഷീര മേഖലയുടെ അറിവുകൾ സ്വന്തമാക്കി  കർഷകരാകാൻ ഇനി വിദ്യാർത്ഥികളും. ക്ഷീര വികസന മേഖലയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പ് ആവിഷ്കരിച്ച സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിന്റെ പ്രവർത്തനത്തിന് പാഞ്ഞാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം. പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലയിൽ തെരഞ്ഞെടുത്തത് പാഞ്ഞാൾ സ്കൂളിനെയാണ്. 

ക്ഷീര വികസന വകുപ്പ് പഴയന്നൂർ ക്ഷീരവികസന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്നും സ്റ്റുഡന്റ്സ് ഡയറി ക്ലബുകൾ അതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. പഠനത്തിനൊപ്പം തൊഴിൽ എന്ന സമീപനം വേണം. പശുവിനെ വളർത്താനും മറ്റ് പ്രവർത്തനങ്ങൾക്കും കുട്ടികളെ  പ്രാപ്തരാക്കുകയാണ് ഇത്തരം ക്ലബ്ബുകൾ വഴി ചെയ്യുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  

വിദ്യാർത്ഥികൾ ഉൾപ്പെട്ട പുതുതലമുറയ്ക്ക് ക്ഷീര മേഖലയെ പരിചയപ്പെടുത്തുന്നതിനും താൽപര്യം വളർത്തുന്നതിനുമായാണ് സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. 
8, 9 ക്ലാസുകളിൽ നിന്നായി 29 പേരടങ്ങുന്നതാണ് ക്ലബ്ബ്. ഇവർക്ക് പശു പരിപാലനം, പാൽ ഉൽപന്ന നിർമ്മാണം എന്നീ വിഷയങ്ങളിൽ അവബോധം സൃഷടിക്കാൻ ഉതകുന്ന ക്ലാസുകൾ നൽകുകയും ക്ഷീര മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കുകയും ചെയ്യും. 

ആദ്യ പടിയായി വിദ്യാർത്ഥികൾക്ക് വിവിധ പാലുൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നൽകിയിരുന്നു.  ഇതോടൊപ്പം കേരള ഫീഡ്സ് അടക്കമുള്ള സ്ഥാപനങ്ങളിലും ഇവർ സന്ദർശനം നടത്തിയിരുന്നു. ഡയറി ക്ലബ്ബിനായി നൽകുന്ന കിടാരിയുടെ വിതരണവും ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച പാൽ ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പനയും ചടങ്ങിൽ നടന്നു. കിടാരിയുടെ പരിപാലനം ഉൾപ്പെടെ ക്ലബ്ബിന്റെ ചുമതലയാണ്. പാൽ ഉൽപ്പാദനത്തിലൂടെ വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. 
 
പാഞ്ഞാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ അധ്യക്ഷത വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎം അഷ്റഫ്, ജില്ലാ പഞ്ചായത്തംഗം കെആർ മായ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കൃഷ്ണൻകുട്ടി, ജനപ്രതിനിധികളായ ഉണ്ണികൃഷ്ണൻ എംകെ, നിർമ്മല രവികുമാർ, രമണി വിടി, കേരള ഫീഡ്സ് മാർക്കറ്റിംഗ് ഓഫിസർ അഖില എംപി, എസ്എംസി ചെയർമാൻ സിബി പ്രദീപ്, പാഞ്ഞാൾ ക്ഷീരസംഘം സെക്രട്ടറി സേതു മാധവൻ, സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ് കോർഡിനേറ്റർ ശ്രീജ പിഎൻ, പാഞ്ഞാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഉഷ പിടി, പഴയന്നൂർ ക്ഷീര വികസന ഓഫിസർ അനൂപ് പിഎ തുടങ്ങിയവർ പങ്കെടുത്തു.

date