Skip to main content

അക്ഷരം മ്യൂസിയം ആദ്യഘട്ടം മേയിൽ പൂർത്തീകരിക്കും: മന്ത്രി വി.എൻ. വാസവൻ

നിർമാണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടു വിലയിരുത്തി

 

കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടം മേയിൽ പൂർത്തീകരിക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാട്ടകം മറിയപ്പള്ളിയിൽ നിർമാണ പ്രവർത്തനങ്ങളും പുരോഗതിയും നേരിട്ടു വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമാണം നിർവഹിക്കുന്നത്. നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. സർക്കാരിന്റെ രണ്ടാംവാർഷികത്തിൽ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാട്ടകം മറിയപ്പള്ളിയിൽ എം.സി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് 25000 ചതുരശ്രയടി വിസ്തീർണത്തിൽ അക്ഷരം മ്യൂസിയം നിർമിക്കുക. പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന.
രാജ്യത്തെ ആദ്യത്തെ അക്ഷരം മ്യൂസിയമാണ് കോട്ടയത്ത് സ്ഥാപിക്കുക. അന്തർദ്ദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമാണം. പൂർണമായി പരിസ്ഥിതി-ഭിന്നശേഷി സൗഹാർദ്ദമായാണ് നിർമാണം. പുരാവസ്തു, പുരാരേഖകളുടെ വിപുലമായ ശേഖരണവും സംരക്ഷണവും മുൻനിർത്തി ഗവേഷണ കേന്ദ്രം, ഡിജിറ്റൽ ഓഡിയോ ലൈബ്രറി, ഡിജിറ്റലൈസ്ഡ് രേഖകൾ സൂക്ഷിക്കാൻ യൂണിറ്റുകൾ, ഓഡിയോ -വീഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്സ് തീയേറ്റർ, തുറന്ന വേദിയിൽ കലാ, സാംസ്‌കാരിക പരിപാടികൾ നടത്താനാകുവിധം ആംഫി തീയറ്റർ, ചിൽഡ്രൺസ് പാർക്ക്്്, കഫറ്റീരിയ, ബുക്ക് സ്റ്റാൾ, സുവനീർ ഷോപ്പ്, പുസ്തകങ്ങളുടെ പ്രഥമപതിപ്പുകളുടെ ശേഖരം, കോൺഫറൻസ് ഹാളുകൾ, വിദ്യാർഥികൾക്ക് ആർക്കൈവിംഗ്, എപ്പിഗ്രാഫി, പ്രിന്റിംഗ്, മ്യൂസിയോളജി, കൺസർവേഷൻ എന്നീ വിഷയത്തിൽ പഠന, ഗവേഷണ സൗകര്യങ്ങൾ മ്യൂസിയത്തിൽ ഒരുക്കും.

'വരയിൽ നിന്ന് ശ്രേഷ്ഠതയിലേക്ക്', 'കവിത','ഗദ്യസാഹിത്യം', 'വൈജ്ഞാനിക സാഹിത്യം, വിവർത്തനം' എന്നിങ്ങനെ നാലു ഘട്ടങ്ങളിലായാണ് മ്യൂസിയം സ്ഥാപിക്കുക.

വൈജ്ഞാനിക ചരിത്രവും സംസ്‌കൃതിയും കൂട്ടിക്കലർത്തി നിർമിക്കുന്ന മ്യൂസിയത്തിലെ ഓരോ വിഭാഗങ്ങളിൽ നിന്നും സന്ദർശകർക്ക് ലഭ്യമാകുന്ന അറിവുകൾ ദൃശ്യ, ശ്രവ്യ ക്രമീകരണങ്ങളോടെ വിശദീകരിക്കും. ഓരോ സന്ദർഭത്തിനനുസരിച്ചുള്ള ചുമർച്ചിത്രരചനകളും ഉണ്ടാകും. ഇവയിൽ ഘട്ടംഘട്ടമായി വാമൊഴിയും പിന്നെ വരമൊഴിയും അച്ചടിയും തുടർന്നു സാക്ഷരത കൈവരിച്ചതു വരെയുള്ള നേട്ടങ്ങളും വരും. ഗുഹാ ചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം മുതൽ ഗോത്രഭാഷ, സാക്ഷരതാ പ്രവർത്തനം, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ചരിത്രം വരെ ഇവിടെയുണ്ടാകും. പ്രവേശന കവാടം കഴിഞ്ഞ് ഒന്നാംഘട്ടത്തിലെ ദൃശ്യ, ശ്രവ്യാനുഭവവും കഴിഞ്ഞാൽ നേരെ ഇടനാഴിയിലേക്കാണ് പ്രവേശനം. ആ ചുവരുകളിൽ ഫോക് ലോർ കലാരൂപങ്ങളുടെ ഡിജിറ്റൽ ആവിഷ്‌കാരവും ഉണ്ടായിരിക്കും.

രണ്ടാം ഘട്ടത്തിൽ സംഘകാല കവിതകളിലൂടെയുള്ള സഞ്ചാരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാടൻപാട്ട്, സംഘകാല സാഹിത്യം, തമിഴകം ശാസനങ്ങൾ എന്നിവയിൽ  തുടങ്ങി സമകാലിക കവിതകളിൽ വരെ എത്തിനിൽക്കുന്ന ദൃശ്യ, ശ്രാവ്യ പ്രദർശനമുണ്ടാകും.
 മൂന്നാം ഘട്ടത്തിൽ കഥാസാഹിത്യവും നോവൽ സാഹിത്യവും ഉൾപ്പെടുത്തും. യക്ഷിക്കഥകൾ, മിത്തുകൾ, ഐതിഹ്യങ്ങൾ എന്നിവയുടെ ഓഡിയോ, വിഡിയോ, അനിമേഷൻ കാർട്ടൂണുകൾ ഉണ്ടാകും. നാടക ശാഖയ്ക്കായി പ്രത്യേകം ഇടം മാറ്റിവയ്ക്കും. നോവലുകളിലെ കഥാപാത്രങ്ങളുടെ രേഖാ ചിത്രങ്ങളും എഴുത്തുകാരുടെ ജീവചരിത്രവും പ്രദർശിപ്പിക്കും.

വൈജ്ഞാനിക സാഹിത്യകാലമെന്ന നാലാം ഘട്ടത്തിൽ ഭാഷാ വിജ്ഞാനീയം, മലയാള വ്യാകരണ പഠനം, വൃത്തശാസ്ത്രം, അലങ്കാര ശാസ്ത്രം, നിഘണ്ടുക്കൾ, വിജ്ഞാന കോശം, നാട്ടറിവ് പഠനം, ചലച്ചിത്ര പഠനം, മനഃശാസ്ത്രം, മതം, തത്വചിന്ത, ഭൂമിശാസ്ത്രം തുടങ്ങിയ വിവര വിജ്ഞാന രീതികൾ ഉൾപ്പെടുത്തും.

ഫോട്ടോകാപ്ഷൻ

നാട്ടകം മറിയപ്പള്ളിയിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ വിലയിരുത്തുന്നു

നാട്ടകം മറിയപ്പള്ളിയിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനായി എത്തിയ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മ്യൂസിയത്തിൽ സ്ഥാപിക്കാനെത്തിച്ച പഴയ അച്ചടിയന്ത്രം നോക്കിക്കാണുന്നു.

( കെ.ഐ.ഒ. പി.ആർ. 0034/2023)
 

date