Skip to main content

പി.എസ്.സി ഓൺലൈൻ പരീക്ഷാകേന്ദ്രം പ്രവർത്തനോദ്ഘാടനം നടത്തി

 

കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മിഷൻ കോട്ടയം ജില്ലാ ഓഫീസിൽ 50 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം പി.എസ്.സി. ചെയർമാൻ ഡോ.എം. ആർ. ബൈജു നിർവഹിച്ചു.
 ഇന്ത്യയിലെ മറ്റു പബ്ലിക് സർവീസ് കമ്മീഷനുകൾ കേരള പി.എസ്.സിയെ മികച്ച മാതൃകയായാണ് കാണുന്നതെന്നും ഇതിനുദാഹരണമാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പി.എസ്.സി നേരിട്ടു നടത്തുന്ന ഓൺലൈൻ പരീക്ഷകളെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പുതിയ പരീക്ഷാകേന്ദ്രത്തിൽ ആദ്യ ഓൺലൈൻ പരീക്ഷ നടത്തും. സെന്റർ കൂടുതൽ വിപുലീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
പുതിയ പരീക്ഷാകേന്ദ്രത്തിൽ 165 പേർക്ക് ഓൺലൈൻ പരീക്ഷ എഴുതാൻ സാധിക്കും. സംസ്ഥാനത്തെ എട്ടാമത്തെ ഓൺലൈൻ പരീക്ഷ കേന്ദ്രമാണ് കോട്ടയത്ത് ആരംഭിച്ചത്. 49,99,600 രൂപ ചെലവിട്ടു പൊതുമരാമത്ത് വിഭാഗമാണ് പരീക്ഷാകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
 കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് 1700 ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം പി.എസ്.സി. പരീക്ഷ ഓൺലൈനായി എഴുതാൻ സാധിക്കും. ഇത്തരത്തിൽ രണ്ട് ഷിഫ്റ്റുകളിലായി ഒരു ദിവസം 3400 മുതൽ 3500 പേർക്ക് വരെ ഓൺലൈൻ പരീക്ഷ പി.എസ്.സി. സെന്ററുകളിൽ മാത്രം  എഴുതാൻ സൗകര്യമുണ്ടാവും. പി.എസ്.സി. പരീക്ഷകൾ 50 ശതമാനവും ഓൺലൈനായി നടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ചെയർമാൻ പറഞ്ഞു.
 കമ്മീഷൻ അംഗം ഡോ. കെ. പി. സജിലാൽ  അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ സി. സുരേശൻ, ബോണി കുര്യാക്കോസ്, പി.എസ്.സി. സെക്രട്ടറി സാജു ജോർജ്ജ്, പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസർ കെ.ആർ. മനോജ് കുമാർ പിള്ള, പി.ഡബ്ല്യൂ.ഡി. അസിസ്റ്റന്റ് എൻജിനീയർ മായാ കെ. നായർ എന്നിവർ പങ്കെടുത്തു.

ഫോട്ടോക്യാപഷ്ൻ: പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിലെ  ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു പി.എസ്.സി. ചെയർമാൻ ഡോ.എം. ആർ. ബൈജു പ്രസംഗിക്കുന്നു.    
ഠ പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിലെ  ഓൺലൈൻ പരീക്ഷാകേന്ദ്രം
 
( കെ.ഐ.ഒ. പി.ആർ. 0035/2023)
 

date