Skip to main content

പള്ളം ബ്ലോക്ക് പഞ്ചായത്തിൽ 'സേഫ്' പദ്ധതി; ആദ്യ ഗഡുവായി 19 ലക്ഷം വിതരണം ചെയ്തു

 

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വികസനവകുപ്പ് ഭവനപൂർത്തീകരണത്തിനുള്ള 'സേഫ്' (സെക്യുർ അക്കൊമഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്മെന്റ്) പദ്ധതിയിൽ ആദ്യഗഡുവായി 19 ലക്ഷം രൂപ വിതരണം ചെയ്തു. 38 ഗുണഭോക്താക്കൾക്കായി 50,000 രൂപ വീതമാണ് ആദ്യഗഡുവായി നൽകിയത്.
  വീടുകളുടെ മേൽക്കൂര പൂർത്തീകരണം, ശൗചാലയനിർമാണം, വാതിലുകളും ജനലുകളും സ്ഥാപിക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് മുഖേന രണ്ട് ലക്ഷം രൂപയാണ് നൽകുന്നത്. രണ്ടാം ഗഡുവായി ഒരു ലക്ഷവും മൂന്നാം ഗഡുവായി 50000 രൂപയും നിർമ്മാണം പുരോഗമിക്കുന്ന മുറയ്ക്ക്  നൽകും. പദ്ധതിയോടനുബന്ധിച്ച്  പള്ളം ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ നടന്ന സേഫ് ഗുണഭോക്തൃ സംഗമം  ആദ്യ ഗുണഭോക്താവിന് ചെക്ക് നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്  ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാബു പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.  രജനിമോൾ, റെയ്ച്ചൽ കുര്യൻ,  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി. എം. സോജൻ, പട്ടികജാതി വികസന ഓഫീസ് സീനിയർ ക്ലാർക്ക്  ജോസ്ന പി. ജോയ്,  പള്ളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ഉത്തമൻ , അക്രഡിറ്റഡ് എൻജിനീയർ  അഞ്ജിത ഭാസ്‌കരൻ, ജീവനക്കാർ, പ്രൊമോട്ടർമാർ, എന്നിവർ പങ്കെടുത്തു.

( കെ.ഐ.ഒ. പി.ആർ. 0045/2023)

date