Skip to main content

കേര ഗ്രാമം പദ്ധതി കീരംപാറയില്‍ പുരോഗമിക്കുന്നു

 

    നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി കീരംപാറ ഗ്രാമപഞ്ചായത്തില്‍ പുരോഗമിക്കുന്നു. പഞ്ചായത്തിലെ 100 ഹെക്ടര്‍ കൃഷിയിടത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി 25.67 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

    ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ നടല്‍, രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടിമാറ്റല്‍, തെങ്ങിന് തടം എടുക്കാന്‍ സഹായം, സബ്‌സിഡി നിരക്കില്‍ വളം നല്‍കല്‍, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, തെങ്ങുകയറ്റത്തിനുള്ള യന്ത്രങ്ങള്‍ നല്‍കല്‍, ഇടവിള കൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണു പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

    ആദ്യഘട്ടത്തില്‍ തെങ്ങുകള്‍ക്കു തടമെടുക്കലും വളമിടലും പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് 9,12,500 രൂപ സബ്സിഡിയും സഹായവും ധനബാങ്ക് അക്കൗണ്ട് വഴി കൈമാറി. അടുത്ത ഘട്ടമായ തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍ ജനുവരി അവസാന ആഴ്ച്ചയില്‍ ആരംഭിക്കും. ശുദ്ധമായ വെളിച്ചെണ്ണയും മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളും പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉല്‍പാദിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

date