Skip to main content

ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിലെ 1,35,603 വീടുകളിൽ കുടിവെള്ളം എത്തി

 

ആലപ്പുഴ : മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിൽ ഇതുവരെ  1,35,603 വീടുകളിൽ കുടിവെള്ളമെത്തി.  ശേഷിക്കുന്ന ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനുള്ള നടപടികൾ  ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതി പ്രകാരം ജില്ലയിൽ വിവിധ ഘട്ടങ്ങളിലായി  3,78,352  കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത് . ഇതിനായി 1419.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നടപടികളെല്ലാം വേഗത്തിലാക്കി 2024ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല കണക്ഷൻ ഉറപ്പാക്കുക  എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

കണക്ഷനുകൾ നടപടിക്രമങ്ങളിലൂടെ നൽകിവരുന്ന  മുറയ്ക്ക്  അവിടേക്കാവശ്യമായ ജലസ്രോതസ്സുകൾ ഉറപ്പുവരുത്താനുള്ള നടപടികൾ  ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുകയാണ്. കോവിഡ് കാലത്തെ  പ്രതിസന്ധികളെ അതിജീവിച്ച് പണികൾ പുരോഗമിക്കുമ്പോഴും സ്ഥലം ഏറ്റെടുക്കലിനും റോഡ് മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും നേരിടുന്ന   തടസ്സങ്ങൾ പദ്ധതി നടത്തിപ്പിന് ബുദ്ധിമുട്ടാക്കിയിരുന്നു. അതിനുള്ള പരിഹാര നടപടികൾ സർക്കാർ തലത്തിൽ വേഗത്തിലാക്കിയിട്ടുണ്ട്.   
 ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ കീഴിൽ 13 പഞ്ചായത്തുകളിൽ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി 38038 കണക്ഷനുകൾക്കും മാവേലിക്കര നിയോജകമണ്ഡലത്തിൽപ്പെടുന്ന തഴക്കര, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിൽ 21263 കണക്ഷനുകൾക്കും പുതിയ  30എം. എൽ. ഡി ഉത്പാദനശേഷിയുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനായി 728.34 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിൽ ഉന്നത ജലസംഭരണി നിർമ്മിക്കേണ്ട പഞ്ചായത്തുകളിൽനിന്നും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.  സ്ഥലം ലഭ്യമായ പ്രവർത്തികളുടെ ടെൻഡർ നടപടികൾ ജില്ല സൂപ്രണ്ട് എൻജിനീയറുടെ ഓഫീസിൽ ആരംഭിച്ചിട്ടുണ്ട്.

കുടിവെള്ള കണക്ഷൻ ആവശ്യമായുള്ളവർ പഞ്ചായത്തുമായി ബന്ധപ്പെടണം
ജലജീവൻ മിഷൻ പദ്ധതി വഴി കുടിവെള്ള കണക്ഷൻ ആവശ്യമുള്ളവർ അതത് പഞ്ചായത്ത് ഓഫീസുകളുമായി എത്രയും വേഗം ബന്ധപ്പെടണമെന്ന് വാട്ടർ അതോറിട്ടി അധികൃതർ  അറിയിച്ചു.

date