Skip to main content

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍:  100 ശതമാനവും കടന്ന് ഒന്നാമതായി ആലപ്പുഴ മുന്നോട്ട് 

 

ജില്ലയില്‍ 20,586 പേര്‍ക്ക് തൊഴില്‍ ലഭിച്ചു

ആലപ്പുഴ: 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയില്‍ 100.16 ശതമാനം പദ്ധതി പൂര്‍ത്തീകരിച്ച് ആലപ്പുഴ ജില്ല സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഒന്‍പത് മാസം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ ജില്ല, ആദ്യ താലൂക്ക്, ആദ്യ ബ്ലോക്ക് എന്നീ നേട്ടങ്ങളും ആലപ്പുഴയ്ക്ക് സ്വന്തമാണ്.

ജില്ലയില്‍ 9,666 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെയും ഏജന്‍സികളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ 9,681 സംരംഭങ്ങളാണ് ആരംഭിച്ചത്. ഒന്‍പത് മാസത്തിനുള്ളില്‍ 512 കോടി രൂപയുടെ നിക്ഷേപവും 20,586 പേര്‍ക്ക് തൊഴിലും ലഭ്യമായി. ഇതുവരെ ആരംഭിച്ച സംരംഭങ്ങളില്‍ 19 ശതമാനം ഉത്പാദന മേഖലയിലും 35 ശതമാനം സേവന മേഖലയിലും 46 ശതമാനം വ്യാപാര മേഖലയിലുമാണ്. 

ഈ നേട്ടത്തിന്റെ മാറ്റ് കൂടുന്നത് വനിത സംരംഭങ്ങളുടെ കടന്നുവരവിലൂടെയാണ്. 43% (4186 പേര്‍) വനിത സംരംഭകര്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. പ്രധാനമായും വ്യാപാരം, കാര്‍ഷിക ഭക്ഷ്യധിഷ്ഠിത സാധനങ്ങളുടെ ഉത്പാദനം, ബ്യൂട്ടിപാര്‍ലറുകള്‍, തുണിത്തരങ്ങളുടെ നിര്‍മാണം തുടങ്ങിയ മേഖലയിലാണ് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

ജില്ലയിലെ ആറ് താലൂക്കുകളില്‍ മൂന്നും 12 ബ്ലോക്കുകളില്‍ ഏഴും ആറു നഗരസഭകളില്‍ അഞ്ചും 72 പഞ്ചായത്തുകളില്‍ 51-ഉം ഒന്‍പത് നിയമസഭ മണ്ഡലങ്ങളില്‍ ആറും 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ താലൂക്കും ബ്ലോക്കും നിയോജക മണ്ഡലവും മാവേലിക്കരയാണ്. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ ബ്ലോക്ക് ഭരണിക്കാവും ആദ്യ താലൂക്ക് ചെങ്ങന്നൂരുമാണ്. ഏറ്റവും കൂടുതല്‍ പദ്ധതി ലക്ഷ്യം കൈവരിച്ച തദ്ദേശസ്വംഭരണ സ്ഥാപനങ്ങളും (56 എണ്ണം) കൂടുതല്‍ പദ്ധതി ലക്ഷ്യം കൈവരിച്ച ഇന്റേണ്‍സും (86 പേരില്‍ 63 പേര്‍) ആലപ്പുഴ ജില്ലയിലാണ്.

വ്യവസായ മേഖലയ്ക്ക് അനുയോജ്യമല്ല ജില്ലയെന്ന അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളെ പൂര്‍ണമായും തള്ളുന്നതാണ് ജില്ലയുടെ ഈ നേട്ടം. ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലൈസന്‍സ് മേള, നിക്ഷേപ സംഗമം, ലോണ്‍ മേള, ബോധവത്ക്കരണ ശില്‍പശാല, ഹെല്‍പ്പ് ഡെസ്‌ക്, വിപണമേള, ഭരണ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തുടങ്ങിയവ പദ്ധതി പൂര്‍ത്തീകരണത്തിന് വേഗം കൂട്ടി.
 

date