Skip to main content

പ്ലാൻസ്‌പേസ് 2.0 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തിന്റെ ആസൂത്രണ പ്രക്രിയയുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമായ പ്ലാൻസ്‌പേസ് 2.0 യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന ആസൂത്രണ ബോർഡ് യോഗത്തിലാണ് ഉദ്ഘാടനം ചെയ്തത്. പ്ലാൻസ്‌പേസിന്റെ പുതിയ പതിപ്പാണിത്.

മന്ത്രിമാർവിദഗ്ധർഉദ്യോഗസ്ഥർ എന്നിവരുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്ലാൻസ്‌പേസ് പരിഷ്‌ക്കരിച്ചത്. സംസ്ഥാന പദ്ധതികളുടെ ഓരോ സ്‌കീമുകളുടെയും അനുബന്ധ ഘടകങ്ങളുടെയും പുരോഗതി റിപ്പോർട്ടുകൾ എല്ലാ തലങ്ങളിലും തത്സമയം ലഭ്യമാകുമെന്നതാണ് പ്ലാൻസ്‌പേസ് 2.0 യുടെ പ്രത്യേകത. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ അവലോകനത്തിനും ഇത് സഹായിക്കും. അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ വിലയിരുത്തലിനും പ്ലാൻസ്‌പേസ് 2.0 സഹായകരമാണ്. മുഖ്യമന്ത്രിമന്ത്രിമാർമറ്റ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾഉദ്യോഗസ്ഥർ എന്നിവർക്ക് തത്സമയ അടിസ്ഥാനത്തിൽ പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ ലഭിക്കും. പ്ലാൻസ്‌പേസ് 2.0 വഴി പ്രസക്തമായ വിവരങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കാനും സർക്കാർ ഉദ്ദേശിക്കുന്നു.

ഭൗതിക പുരോഗതി മാപ്പ് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു വെബ് ജി.ഐ.എസ് അധിഷ്ഠിത ഡാഷ്‌ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. നടപ്പാക്കലിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിഹാരം തേടുന്നതിനുമുള്ള ഒരു ഓപ്ഷൻ പ്ലാൻസ്‌പേസ് 2.0 ൽ നൽകിയിട്ടുണ്ട്. സ്‌കീമുകളുടെയും അവയുടെ ഘടകങ്ങളുടെയും ഗുണഭോക്താക്കളെ ട്രാക്ക് ചെയ്യാനും കണ്ടെത്താനും ഡാഷ്‌ബോർഡ് സഹായിക്കുന്നു. ഉദ്യോഗസ്ഥർക്കുള്ള പ്ലാൻസ്‌പേസ് പുതിയ പതിപ്പിന്റെ പരിശീലന പരിപാടി പൂർത്തിയായിരുന്നു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണതലം വരെയുള്ള ആറായിരത്തിലധികം ഉദ്യോഗസ്ഥർക്ക് പുതിയ പതിപ്പിന്റെ പരിശീലനം നൽകിയിട്ടുണ്ട്.

പി.എൻ.എക്സ്. 167/2023

date