Skip to main content

അഞ്ചാം പനി: പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾക്ക് ഉടൻ കുത്തിവെപ്പ് നൽകണം.

കുറ്റ്യാടി ആരോഗ്യ ബ്ലോക്കിലെ നാദാപുരം ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചാം പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര ജില്ലാ ടാസ്ക് ഫോഴ്സ് യോഗം ചേർന്നു. അഞ്ചാം പനിയുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾക്ക് ഉടൻ കുത്തിവെപ്പ് നൽകണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു. ഇതിനായി സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തുമെന്ന് കലക്ടർ പറഞ്ഞു. 

 

നാദാപുരത്ത് എട്ട് കുട്ടികളിലാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുള്ള കൂടുതൽ സാംപിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്ത കുട്ടികളിലാണ് അഞ്ചാം പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ട് കുത്തിവെപ്പെടുക്കാത്തതോ ഭാഗികമായി മാത്രം കുത്തിവെപ്പെടുത്തതോ ആയ കുട്ടികളുടെ വാക്സിനേഷൻ വീഴ്ച വരുത്താതെ ഉടൻ എടുക്കാൻ എല്ലാ രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടർ അറിയിച്ചു. യോഗത്തിൽ പ്രതിരോധ നിയന്ത്രണ പരിപാടികൾ ആസൂത്രണം ചെയ്തു.

 

ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ മോഹൻദാസ് .ടി, ഡബ്ലിയു എച്ച് ഒ സർവൈലൻസ് ഓഫീസർ ഡോ സന്തോഷ് രാജഗോപാൽ എന്നിവർ വിഷയം അവതരിപ്പിച്ചു. ആരോഗ്യ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാർ , മെഡിക്കൽ ഓഫീസർമാർ , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, വനിതാ ശിശു വികസന ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ പങ്കെടുത്തു.

 

വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാം പനി അഥവാ മീസിൽസ് . 

 

ലക്ഷണങ്ങൾ :

 

പനിയാണ് ആദ്യ ലക്ഷണം. മൂക്കൊലിപ്പ് , ചുമ , കണ്ണുകൾ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. നാലു ദിവസം പിന്നിടുമ്പോഴേക്കും ശരീരമാസകലം തിണർത്ത പാടുകൾ കാണപ്പെടുന്നു. വയറിളക്കം, ഛർദ്ദി, ശക്തമായ വയറുവേദന, അപ്പന്റിസൈറ്റിസ്, കാഴ്ചക്കുറവ്, ന്യൂമോണിയ, മസ്തിഷ്ക ജ്വരം എന്നിവയും ഉണ്ടായേക്കാം. വയറിളക്കം കൂടുതലായാൽ നിർജ്ജലീകരണം സംഭവിച്ച് മരണത്തിന് വരെ കാരണമാകാം.

 

രോഗം പകരുന്ന വിധം

 

രോഗമുള്ള ഒരാളിൽ നിന്ന് ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന കണങ്ങളിലൂടെയോ കണ്ണിലെ സ്രവങ്ങളിലൂടെയോ മറ്റൊരാളിലേക്ക് രോഗം പകരാം.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 

പനി, ശരീരത്തിൽ തിണർപ്പുകൾ എന്നീ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പുറത്ത് പോകുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കണം. പനിയുള്ള കുട്ടികളെ സ്കൂളിലേക്കോ കളിസ്ഥലങ്ങളിലേക്കോ വിടരുത്.തൊട്ടടുത്ത പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ചെന്ന് ഉടൻ ചികിത്സ തേടണം.

 

വയറിളക്കമുണ്ടായാൽ നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ചെവിയിൽ പഴുപ്പ് വന്നാൽ ആവശ്യമായ ചികിത്സ നടത്തണം. ചുമ, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഉടൻ ചികിത്സ തേടണം. വൈറ്റമിൻ എ പ്രൊഫൈലാക്സിസ് ചികിത്സ ശരീരത്തിലെ അണുബാധ തടയാൻ സഹായിക്കും. 

 

ഷെഡ്യൂൾ പ്രകാരമുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തവർക്ക് അഞ്ചാം പനി വരാൻ സാധ്യതയില്ല. അതുകൊണ്ട് കുട്ടികൾക്ക് 9 മാസം പ്രായമാകുമ്പോൾ ആദ്യ ഡോസ് എം ആറും വൈറ്റമിൻ എ യും നൽകണം. ഒന്നര വയസ്സ് മുതൽ രണ്ട് വയസ്സ് വരെ രണ്ടാം ഡോസും നൽകാം. പനി , ശരീരത്തിൽ തിണർപ്പുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടാൻ പ്രത്യേകം ശ്രദ്ധിക്കണം.

date