Skip to main content

വൈവിധ്യത്തിന്റെ രുചിമേളമൊരുക്കി സിദ്ധ എക്‌സ്‌പോ

തലസ്ഥാനനിവാസികൾക്ക് രുചിക്കൂട്ടുകളുടെ നവ്യാനുഭവം പകർന്ന് സിദ്ധ എക്‌സ്‌പോ. ആഹാരമാണ് ഔഷധമെന്ന സന്ദേശമുയർത്തി ആറാമത് ദേശീയ സിദ്ധദിനാഘോഷങ്ങളുടെ ഭാഗമായി കവടിയാർ വിമെൻസ് ക്ലബിലാണ് വ്യത്യസ്തമായ ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യമേള ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗതഭക്ഷ്യവിഭവങ്ങളും സിദ്ധവൈദ്യത്തിൽ അനുശാസിക്കുന്ന ഭക്ഷണരീതികളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജീവിതശൈലി രോഗങ്ങളും കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ശരിയായതും ആരോഗ്യദായകവുമായ ഭക്ഷണശീലം സമൂഹത്തിലേയ്ക്ക് എത്തിക്കുകയാണ് മേളയുടെ ലക്ഷ്യം. തനത് വിഭവങ്ങളെ തികച്ചും വ്യത്യസ്തമായ രുചിക്കൂട്ടുകളിലൂടെ പരിചയപ്പെടുത്തുകയാണ് മേളയിലൂടെ സംഘാടകർ. പൂവരശ് അട, പുതിന ഇടിയപ്പം, വാഴപ്പിണ്ടി സമൂസ, ഡ്രൈ ഫ്രൂട്ട് സമൂസ, ഔഷധ കഞ്ഞി, ഓട്‌സ് ലഡു, ചെമ്പരത്തി- കുടങ്ങൽ  ചായ, പുനർന്നവ ചായ,  ശംഖു പുഷ്പം ചായ എന്നിങ്ങനെ വൈവിധ്യങ്ങളായ വിഭവങ്ങളാൽ ശ്രദ്ധേയമായിരിക്കുകയാണ് ഈ ഭക്ഷ്യമേള.  

തിങ്കളാഴ്ച ആരംഭിച്ച എക്‌സ്‌പോ ജനുവരി 13ന് അവസാനിക്കും. വൈകിട്ട് മൂന്ന് മുതൽ എട്ട് മണിവരെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചിരിക്കുന്നത്.

date