Skip to main content

ആറ്റിങ്ങലിലെ ഗ്രാമീണ റോഡുകൾ അടിമുടി മാറുന്നു

ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കൂടുതല്‍ ഗ്രാമീണ റോഡുകള്‍ നവീകരണത്തിനൊരുങ്ങുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്ന റോഡുകളാണ് നവീകരിക്കുന്നത്. ഒ.എസ്. അംബിക എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി ഇരുപതുലക്ഷത്തി എഴുപത്തിഒമ്പതിനായിരം രൂപയാണ് മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ റോഡ് നവീകരണത്തിനായി ചെലവഴിക്കുന്നത്.

പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണമത്ത് ലക്ഷം വീട് ഉള്‍പ്പെടുന്ന ആനാവൂര്‍ റോഡ്, പയറ്റിങ്ങാം കുഴി ഗുരുനഗര്‍ പേഴും കുന്ന് റോഡ് എന്നിവയാണ് നവീകരിക്കുന്നത്. ഇതിനായി 51.68 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് റോഡുകളാണ് നവീകരിക്കുന്നത്. പാപ്പാല -പാറകോണം റോഡ്, വാഴോട്-വട്ടപ്പാറ റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 42.79 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഗ്രാമപ്രദേശങ്ങളെ സംസ്ഥാനപാത ഒന്നുമായി ബന്ധിപ്പിക്കുന്നവയാണ് ഈ റോഡുകള്‍. കരവാരം ഗ്രാമപഞ്ചായത്തില്‍ തലവിള -കോട്ടമല- പുതുശ്ശേരിമുക്ക്  റോഡും മാടന്‍നട കാഞ്ഞിരംവിള റോഡുകളും പുനര്‍ നിര്‍മ്മിക്കുന്നുണ്ട്. പുതുശ്ശേരിമുക്കിലേക്കുള്ള റോഡിന്റെ നവീകരണം സാധ്യമാകുന്നതോടെ ദേശീയപാതയിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും. 26.33 ലക്ഷം രൂപയാണ് കരവാരം ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിനായി ചെലവഴിക്കുന്നത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഉടന്‍ തന്നെ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.

date