Skip to main content

കടമക്കുടിയിൽ രണ്ടു പദ്ധതികൾക്ക്  ഭരണാനുമതി,   40 ലക്ഷം രൂപ അനുവദിച്ചു

 

 കടമക്കുടി ഗ്രാമ പഞ്ചായത്തിൽ രണ്ടു നിർമ്മാണപ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. അഞ്ചാം വാർഡിലെ കണ്ടനാട് കപ്പേള റോഡ്, കോതാട് എച്ച്.എസ്.എസ്. ഓഫ് ജീസസ് സ്‌കൂളിലെ പാചകപ്പുര എന്നിവയ്ക്കാണ് തുക അനുവദിച്ചത്. കപ്പേള റോഡിന്റെ നിർമ്മാണത്തിന് നിയോജകമണ്ഡലം ആസ്‌തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും കോതാട് എച്ച്.എസ്.എസ്  ഓഫ് ജീസസ് സ്‌കൂളിൽ പാചകപ്പുര നിർമ്മിക്കാൻ എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപയുമാണ്  അനുവദിച്ചത്.

വർഷങ്ങളായി താറുമാറായി കിടക്കുന്ന കണ്ടനാട് കപ്പേള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇന്റർലോക്ക് ടൈൽ വിരിക്കുകയും കവർ സ്ലാബോടുകൂടി കാന നിർമ്മിക്കുകയും ചെയ്യും. 285 മീറ്റർ നീളത്തിലും 3.60 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിക്കുന്നത്. തദ്ദേശ സ്വയം ഭരണ വിഭാഗം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് പദ്ധതി നിർവ്വഹണ ചുമതല. 

താത്കാലിക സംവിധാനത്തിലാണ് കോതാട് ജീസസ് സ്‌കൂളിൽ പാചകപ്പുര പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ പാചകപ്പുര നിർമ്മിക്കുന്നത്. ഇടപ്പള്ളി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർക്കാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല.

date