Skip to main content

തലയാഴത്ത് കാർഷിക മൂല്യ വർധിത ഉത്പാദന കേന്ദ്രം യാഥാർത്ഥ്യമാകുന്നു

 

കോട്ടയം: വൈക്കം തലയാഴത്ത് കാർഷിക മൂല്യവർധിത ഉത്പാദന വിപണന കേന്ദ്രം യാഥാർഥ്യമാകുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ, തലയാഴം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.
 ഗ്രാമീണ കാർഷിക വിഭവങ്ങളായ കപ്പ, ഏത്തക്കാ, നെല്ല്, ചക്ക, തേങ്ങ, പഴവർഗങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനുമായാണ് ഉദ്പാദന യൂണിറ്റ് സ്ഥാപിക്കുന്നത്. കർഷകരിൽനിന്നു നേരിട്ടും അല്ലാതെയും കാർഷിക വിഭവങ്ങൾ ഉത്പാദന യൂണിറ്റിൽ എത്തിക്കും. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ പഞ്ചായത്തിന്റെ പ്രത്യേക ബ്രാൻഡായി വിപണിയിൽ എത്തിക്കും. നിശ്ചിത ഫീസ് ഈടാക്കി പൊതുജനങ്ങൾക്കും തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ യൂണിറ്റിൽ എത്തിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തും. വിവിധ ധാന്യങ്ങളുടെ പൊടികൾ, കപ്പവറ, ചക്കവറ, കപ്പപ്പൊടി, സ്‌ക്വാഷ്, അച്ചാറുകൾ, ജാം, പാൽ ഉത്പന്നങ്ങൾ തുടങ്ങിയ വിവിധങ്ങളായ മൂല്യവർധിത ഉത്പന്നങ്ങളാണ് ഉത്പാദിപ്പിക്കുക.
മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണ മേഖലയിൽ പ്രവർത്തി പരിചയവും താൽപര്യവുമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് രജിസ്ട്രേഷനിലൂടെ പദ്ധതിയുടെ ഭാഗമാകാം. രജിസ്റ്റർ ചെയ്യുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ജില്ലയ്ക്ക് അകത്തും പുറത്തുമായി പ്രത്യേക പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനിൽ ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച് ഉത്പാദന വിപണന കേന്ദ്രം ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾ ഗൂഗിൾ ഫോം രജിസ്ട്രേഷൻ വഴിയോ തലയാഴം കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം വഴിയോ ജനുവരി 25 നകം തലയാഴം കുടുംബശ്രീ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
 

date