Skip to main content

ഗുരുവായൂര്‍ നഗരസഭയുടെ മൂന്ന് പദ്ധതികൾ നാടിന് സമർപ്പിക്കുന്നു

 

എംസിഎഫ്, ടേക്ക് എ ബ്രേക്ക്, ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ഇന്ന് (ജനു.14)

ഗുരുവായൂര്‍ നഗരസഭയുടെ എംസിഎഫ്, ടേക്ക് എ ബ്രേക്ക്, ചിൽഡ്രൻസ് പാർക്ക് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്  (ജനു.14) വൈകീട്ട് അഞ്ചിന് തദ്ദേശ സ്വയംഭരണ,  എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് നിർവ്വഹിക്കും. നഗരസഭയിൽ പതിറ്റാണ്ടായി നിലനിന്നിരുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായ ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ മുഖച്ഛായ ഇതോടെ മാറും. സ്ഥലത്തിന്‍റെ ഒരു ഭാഗം നേരത്തെ തന്നെ ആധുനിക ഗ്യാസ് ക്രിമറ്റോറിയവും മാലിന്യ സംസ്ക്കരണത്തിന്‍റെ നൂതനാശയങ്ങളോടെ ബയോപാര്‍ക്കും അഗ്രോ നഴ്സറിയുമായി മാറ്റിയിരുന്നു. ബയോപാര്‍ക്കില്‍ 42 ലക്ഷം രൂപ ചെലവഴിച്ച് അജൈവ മാലിന്യം തരം തിരിക്കാനുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റർ നിര്‍മ്മിച്ചിരിക്കുകയാണ്. 

ട്രഞ്ചിംഗ് ഗ്രൗണ്ടിന്‍റെ ബാക്കിയുണ്ടായിരുന്ന ഒരു ഭാഗത്ത് 43 ലക്ഷം രൂപ ചെലവഴിച്ച് കുട്ടികള്‍ക്ക്, കളിക്കാനും മുതിര്‍ന്നവര്‍ക്ക് രസിക്കാനും കഴിയുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ സത്യഗ്രഹത്തിലെ പ്രധാനിയായിരുന്ന എ സി രാമന്റെ നാമമാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിന് നൽകിയിട്ടുള്ളത്. മറ്റൊരു ഭാഗത്ത് 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് തയ്യാറാക്കിയ വഴിയോര വിശ്രമകേന്ദ്രത്തിന്‍റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഗുരുവായൂരിലേക്ക് കടന്ന് പോകുന്നവര്‍ക്ക് ഇടത്താവളമായി പ്രാഥമിക സൗകര്യങ്ങളോടു കൂടിയാണ് വഴിയോര വിശ്രമകേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്.  

എന്‍കെ അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ടിഎന്‍ പ്രതാപന്‍ എം പി, മുരളി പെരുന്നെല്ലി എംഎൽഎ, നവ കേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഗുരുവായൂർ നഗരസഭ ശുചിത്വ അംബാസിഡറും സിനിമാ താരവുമായ നവ്യ നായർ തുടങ്ങിയവർ മുഖ്യാതിഥികളാകും. 

നഗരസഭാ അധ്യക്ഷന്മാരായ ഷീജ പ്രശാന്ത്, സീത രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ടി വി സുരേന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം, അമൃത് ഡയറക്ടര്‍ അരുണ്‍ കെ വിജയന്‍, കുടുംബശ്രീ  മിഷൻ ഡയറക്ടര്‍ ജാഫര്‍ മാലിക്, ശുചത്വ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ബാലഭാസ്ക്കര്‍, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ,  ഫെഡറൽ ബാങ്ക് വൈസ്പ്രസിഡന്റ് കെവി ഷാജി, തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

നഗരസഭ അസി.എക്സി.എൻജിനീയർ ഇ ലീല റിപ്പോർട്ട് അവതരിപ്പിക്കും. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, വാർഡ് കൗൺസിലർ സിന്ദു ഉണ്ണി,സ്ഥിരം സമിതി അധ്യക്ഷന്മാർ, മറ്റ് കൗൺസിലർമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറയും.

date