Skip to main content

ദേശീയ വിരവിമുക്തദിനം: ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 17) 

 

ദേശീയ വിരവിമുക്തദിനം  ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 17) ഉച്ചയ്ക്ക് 2ന് എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എ സി മൊയ്തീൻ എം എൽ എ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ ഡേവീസ് മാസ്റ്റർ  അധ്യക്ഷത വഹിക്കും. ജില്ലയിലെ 1 വയസിനും 19 വയസിനും ഇടയിൽ പ്രായമുള്ള 6,70,502 കുട്ടികൾക്ക് ഇന്നേ ദിവസം അങ്കണവാടികളിലും വിദ്യാലയങ്ങളിലും വെച്ച് വിരകൾക്കെതിരെയുള്ള “ആൽബൻഡസോൾ ഗുളിക" നൽകും. സ്കൂളുകളിലും അങ്കണവാടികളിലും ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ, അങ്കണവാടി വർക്കർമാരും, ക്ലാസ് ടീച്ചറുമാണ് ഗുളികകൾ നൽകുക.

സ്കൂളുകളിലും അങ്കണവാടികളിലും പോകാത്ത, ഒന്നിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആശ പ്രവർത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അങ്കണവാടിയിൽ നിന്നും ഗുളികകൾ നൽകും. ജനുവരി 17ന് ഗുളികകൾ കഴിക്കാൻ സാധിക്കാത്ത കുട്ടികൾ ജനുവരി 24ന് നടക്കുന്ന സമ്പൂർണ്ണ വിരവിമുക്ത ദിനത്തിൽ വിരക്കെതിരെയുള്ള ഗുളികകൾ  കഴിക്കണം. 

എല്ലാ അങ്കണവാടികളിലും, പ്ലേ സ്കൂളുകളിലും, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെ എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് വിരക്കെതിരെയുള്ള ഗുളികകൾ നൽകും. വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുക്കും.

date