Skip to main content

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ:  കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ആരംഭിച്ചു

പാലക്കാട്  കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ജില്ലയില്‍  ആരംഭിച്ചു. ഏറ്റെടുക്കുന്ന ഭൂമിയിലെ മുഴുവന്‍ നിര്‍മ്മിതികള്‍ക്കും വില നിര്‍ണ്ണയം നടത്തി നഷ്ടപരിഹാരം നല്‍കും.
കെട്ടിടങ്ങളുടെ നഷ്ടപരിഹാരം തറ വിസ്തീര്‍ണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുക. മറ്റുള്ളവയ്ക്ക് വിശദമായിട്ടുള്ള വില നിര്‍ണ്ണയവും നടത്തും. ഏറ്റെടുക്കുന്ന ഭൂമിയിലുള്ള നഷ്ടപരിഹാരത്തിന്റെ കണക്കെടുപ്പ് ജില്ലയില്‍  എല്ലാ വില്ലേജുകളിലും   പൂര്‍ത്തിയായിട്ടുണ്ട്.  കണക്കെടുപ്പിന് ശേഷമുള്ള വില നിര്‍ണ്ണയമാണ് നിലവില്‍  ആരംഭിച്ചിട്ടുള്ളത്. സ്ഥലമെടുപ്പ് കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍, കണ്‍സള്‍ട്ടന്റ് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പിലെ  ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംയുക്ത സംഘമാണ് വില നിര്‍ണ്ണയം നടത്തുന്നത്.  ഇത്തരത്തിലുള്ള 6 ടീമുകളായി ജില്ലയില്‍  മൂന്ന് വില്ലേജുകളില്‍  ഒരേ സമയം വില  നിര്‍ണ്ണയ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അരീക്കോട്, കരുവാരക്കുണ്ട്, എളങ്കൂര്‍ വില്ലേജുകളിലാണ് വില നിര്‍ണ്ണയം ആരംഭിച്ചത്. കെട്ടിടങ്ങളുടെ വില നിര്‍ണ്ണയ നടപടികളുടെ ഉദ്ഘാടനം അരീക്കോട് വില്ലേജ് കിളിക്കല്ലിങ്ങല്‍  ഭാഗത്ത് ഗ്രീന്‍ഫീല്‍ഡ്  ദേശീയ പാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍. ജെ.ഒ, ദേശീയ പാത  അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ വിപിന്‍ മധു, പൊതുമരാമത്ത് റോഡ്   വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിമി തുടങ്ങിയവര്‍  ചേര്‍ന്ന് നിര്‍വ്വഹിച്ചു.  ചടങ്ങില്‍  സ്ഥലമെടുപ്പ് കാര്യാലയത്തിലെ തഹസില്‍ദാര്‍ നജീബ് സി. കെ, പൊതുമരാമത്ത് വിഭാഗം ഓവര്‍സിയര്‍മാര്‍, ദേശീയപാത അതോറിറ്റി ലെയസണ്‍  ഓഫീസര്‍മാരായ മുരളീധരന്‍, പ്രേമചന്ദ്രന്‍ തുടങ്ങി ദേശീയ പാത അതോറിറ്റിയിലെയും സ്ഥലമെടുപ്പ് കാര്യാലയത്തിലെയും പൊതുമരാമത്ത് വകുപ്പിലെയും  ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.  
അരീക്കോട് വില്ലേജില്‍ ആകെ 159 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. 115 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും 44 കെട്ടിടങ്ങള്‍ ഭാഗികമായും ഏറ്റെടുക്കും. ഇതില്‍ 155 എണ്ണം താമസ കെട്ടിടങ്ങളും 4 എണ്ണം വാണിജ്യ കെട്ടിടങ്ങളുമാണ്. കരുവാരക്കുണ്ട് വില്ലേജില്‍ ആകെ 24 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. ഇവയെല്ലാം താമസ കെട്ടിടങ്ങളാണ്. ഇതില്‍ 21 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും 3 കെട്ടിടങ്ങള്‍ ഭാഗികമായും ഏറ്റെടുക്കും. എളങ്കൂര്‍ വില്ലേജില്‍ 69 കെട്ടിടങ്ങളാണ് ആകെ ഏറ്റെടുക്കുക. ഇതില്‍ 65 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും 4 കെട്ടിടങ്ങള്‍ ഭാഗികമായും ഏറ്റെടുക്കും. 61 എണ്ണം താമസ കെട്ടിടങ്ങളും 8 എണ്ണം വാണിജ്യ കെട്ടിടങ്ങളുമാണ്.

date