Skip to main content

ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ ഇന്ന് ജി.എല്‍.പി.എസ് തെയ്യങ്ങാട്

ഹൈടെക് പൊതു വിദ്യാലയ മികവുകള്‍ പങ്കുവെക്കുന്ന കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ ഇന്ന് (ജനുവരി 24) രാത്രി 7 മണിക്ക് ജി.എല്‍.പി.എസ് തെയ്യങ്ങാട് പങ്കെടുക്കും. ശ്രദ്ധേയമായ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണ്‍ ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ജില്ലയില്‍ നിന്നും എല്‍.പി.എസ്. ഒളകര, സി.ബി.എച്ച്.എസ്. വള്ളിക്കുന്ന്, എന്‍.എന്‍.എം.എച്ച്.എസ് ചേലേമ്പ്ര, ജി.യു.പി.എസ് പുള്ളിയില്‍ തുടങ്ങി നാല് സ്‌കൂളുകള്‍ ഇതുവരെ ഈ സീസണില്‍ പങ്കെടുത്തിട്ടുണ്ട്. അക്കാദമിക രംഗത്തെ മികവുകള്‍ക്കൊപ്പം കലാ-കായിക രംഗത്തെ മികവുകളും സാമൂഹ്യ മേഖലയിലെ വിദ്യാലയ ഇടപെടലുകളും എല്ലാം ഈ ഷോയില്‍ അവതരിപ്പിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യും. മറ്റ് വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാതൃകയാക്കാവുന്ന നിരവധി ആശയ അവതരണ അവതരണങ്ങളാണ് ഇതുവഴി കാണികളിലേക്ക് എത്തുന്നത്. പൊതുവിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനത്തിനു കൂടി കാണാനും വിലയിരുത്താനുമുള്ള അവസരമാണ് ഈ റിയാലിറ്റി ഷോ.
എല്ലാ ദിവസവും വൈകിട്ട് ഏഴു മണി മുതലാണ് കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഇത് സംപ്രേഷണം ചെയ്യുന്നത്. ഷോയുടെ www.youtube.com/@itsvicters എന്ന യുട്യൂബ് ചാനല്‍ വഴിയും റിയാലിറ്റി ഷോ തത്സമയം കാണാനാവും.
സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായ ആയിരത്തിലധികം വിദ്യാലയങ്ങളാണ് ഹരിതവിദ്യാലയത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചത്. അതില്‍ നിന്നും തെരഞ്ഞെടുത്ത 109 വിദ്യാലയങ്ങളാണ് ഷോയില്‍ നേരിട്ട് പങ്കെടുക്കുന്നത്. ജില്ലയില്‍ നിന്ന് ആകെ 11 സ്‌കൂളുകളാണ് മത്സര രംഗത്തുള്ളത്. മത്സരത്തില്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിദ്യാലയങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ സമ്മാനങ്ങള്‍ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നാലു മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും നല്‍കും.
ഹരിത വിദ്യാലയത്തിന്റെ മുഴുവന്‍ എപ്പിസോഡുകളും www.hv.kite.kerala.gov.in ല്‍ ലഭിക്കും.
 

date