Skip to main content

ഔട്ട് ഓഫ് സ്‌കൂള്‍ കുട്ടികളെ കണ്ടെത്തുന്നതിനായി സര്‍വ്വേ ആരംഭിച്ചു

സ്‌കൂള്‍ പ്രവേശനം നേടാതിരിക്കുകയോ, പ്രവേശനം നേടിയ ശേഷം പഠനം നിര്‍ത്തിവയ്ക്കുകയോ ചെയ്ത കുട്ടികളെ കണ്ടെത്തുന്നതിനും സ്‌കൂള്‍ പ്രവേശനം ഉറപ്പുവരുത്തുന്നതിനുമായി സമഗ്ര ശിക്ഷാ കേരളം നിലമ്പൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ സര്‍വ്വേ ആരംഭിച്ചു. മൂന്നു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. അങ്കണവാടി, പ്രീ പ്രൈമറി സ്‌കൂളുകള്‍ മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള ക്ലാസുകളില്‍ കുട്ടികളുടെ പ്രവേശനം ഉറപ്പുവരുത്തുകയാണ് സര്‍വ്വേ ലക്ഷ്യമാക്കുന്നത്.  

ഗോത്ര വിഭാഗം കുട്ടികള്‍, ഭിന്നശേഷി കുട്ടികള്‍, അതിഥി തൊഴിലാളികളുടെ കുട്ടികള്‍ എന്നിങ്ങനെ വിവിധ വിഭാഗം കുട്ടികളെ പ്രത്യേകം പരിഗണിച്ചാണ് സര്‍വ്വേ നടത്തുന്നത്. സര്‍വ്വേയിലൂടെ കണ്ടെത്തുന്ന കുട്ടികളെ സ്‌പെഷ്യല്‍ ട്രെയിനിങ് കേന്ദ്രങ്ങള്‍ മുഖേന പരിശീലനം നല്‍കി പ്രായത്തിന് അനുയോജ്യമായ ക്ലാസുകളില്‍ പ്രവേശനം ഉറപ്പുവരുത്തും. സമഗ്ര ശിക്ഷ കേരളം, ഐടിഡിപി, വനം വകുപ്പ്, കേരള മഹിളാ സമഖ്യ സൊസൈറ്റി, ജനമൈത്രി എക്‌സൈസ്, ഐ സി ഡി എസ്, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയേഴ്‌സ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സര്‍വ്വേയുടെ ഭാഗമാകും.

സര്‍വ്വെയില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാര്‍ക്കായി നിലമ്പൂര്‍ ബി.ആര്‍.സി.യില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല നിലമ്പൂര്‍ നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കക്കാടന്‍ റഹീം ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ സുമയ്യ പൊന്നാംകടവന്‍ അധ്യക്ഷയായി. നിലമ്പൂര്‍ ബിപിസി എം. മനോജ് കുമാര്‍ വിഷയാവതരണം നടത്തി. എന്‍.എസ്.എസ് പി എ സി അംഗം വി.വി രാജേഷ്, ജനമൈത്രി എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ് കുമാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ എസ്. വീണ, കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ കെ. ജിതിന്‍, മമ്പാട് എംഇഎസ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ ഖാന്‍, ബി ആര്‍ സി ട്രെയിനര്‍മാരായ എ. ജയന്‍, എം.പി ഷീജ, ടി.പി രമ്യ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

date