Skip to main content

ദേശീയ യുവജനോത്സവത്തില്‍ മലബാര്‍ രുചിയില്‍ തരംഗം തീര്‍ത്ത് മലപ്പുറം നെഹ്റു യുവ കേന്ദ്ര

കര്‍ണാടകയിലെ ഹൂബ്ലി ധര്‍വാദില്‍ നടക്കുന്ന ഇരുപത്താറാമത്  ദേശീയ  യുവജനോത്സവത്തിലെ ഫുഡ് ഫെസ്റ്റിവലില്‍ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട്  മലബാറിലെ  തനത് സസ്യേതര ഇനങ്ങള്‍ പരിചയപ്പെടുത്തി മലപ്പുറം നെഹ്റു യുവ കേന്ദ്രയുടെ പ്രതിനിധികള്‍. മലബാറിന്റെ തനത് വിഭവങ്ങളായ മലബാര്‍ ചിക്കന്‍ ബിരിയാണി, മലബാര്‍ മേഖലയിലെ അടുക്കളയിലെ സ്ഥിരം വിഭവങ്ങളായ അപ്പവും ചിക്കന്‍ കറിയും, ചിക്കന്‍ ഫ്രൈ, മലപ്പുറത്തിന്റെ സ്വന്തം ഇറച്ചി പുട്ട്, ചുക്കു കാപ്പി എന്നിവയാണ് സ്റ്റാളില്‍ പരിചയപ്പെടുത്തിയത്. ഫുഡ് സ്റ്റാളില്‍ വ്യത്യസ്തമായി എത്തിയ ഇറച്ചി പുട്ടിന് ഫുഡ് ഫെസ്റ്റില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ആവശ്യം അപ്പവും ചിക്കന്‍ കറിയുമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ തിരക്കാണ് മലയാള തനിമ രുചിക്കാന്‍  സ്റ്റാളില്‍ അനുഭവപ്പെടുന്നത്. ദിനം പ്രതി ആയിരക്കണക്കിന് ആളുകളാണ് സ്റ്റാള്‍ സന്ദര്‍ശിക്കുന്നതെന്ന് പ്രതിനിധികള്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി വെളിച്ചെണ്ണയില്‍ പാകം ചെയ്യുന്നതും വ്യത്യസ്തമായ മസാല കൂട്ടുകളും കേരള സ്റ്റാളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.
കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ ഭരവാഹിയായ അബ്ദുല്‍ വഹാബിന്റെ നേതൃതത്തില്‍, മന്‍സൂര്‍, മുഹമ്മദ് ജൗഹര്‍, മുഹമ്മദ് ആഷിഖ് എന്നിവരാണ് മലപ്പുറം നെഹ്റു യുവ കേന്ദ്രത്തെ  പ്രതിനിധീകരിച്ച് ഫുഡ്‌ഫെസ്റ്റിവലില്‍ പങ്കെടുത്തത്. കേന്ദ്ര  യുവജന കാര്യ കായിക മന്ത്രാലയവും കര്‍ണാടക സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജനോത്സവം   ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  ഉദ്ഘാടനം ചെയ്തത്. യുവജനോത്സവത്തിന്റെ ആദ്യ ദിനം തന്നെ കര്‍ണാടക ഗവര്‍ണറായ  തവാര്‍ച്ചന്ദ് ഗേലോട് , യുവജന കാര്യ കായിക മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും നെഹ്‌റു യുവ കേന്ദ്രയുടെ ഡയറക്ടര്‍ ജനറലുമായ  നിതേഷ് കുമാര്‍ മിശ്ര, നെഹ്‌റു യുവ കേന്ദ്രം റീജണല്‍ ഡയറക്ടര്‍ നടരാജന്‍ എന്നിവര്‍ ഫുഡ് ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചു. വിവിധ  സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 7500 യുവതീ യുവാക്കളാണ്  പ്രതിനിധികളായി യുവജനോത്സവത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍  നിന്ന് 104 നെഹ്‌റു യുവകേന്ദ്ര പ്രതിനിധികളും പങ്കെടുക്കുന്നു. ജനുവരി 12 ന് ആരംഭിച്ച ദേശീയ യുവജനോത്സവം 16ന് സമാപിച്ചു.

date