Skip to main content

റിപ്പബ്ലിക് ദിനം: മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അഭിവാദ്യം സ്വീകരിക്കും

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിവാദ്യം സ്വീകരിക്കും. എം.എസ്.പി അസി. കമാന്‍ഡന്റ് പി.എ കുഞ്ഞുമോന്‍ പരേഡിന് നേതൃത്വം നല്‍കും. പി. ബാബുവാണ് പരേഡിലെ സെക്കന്റ് ഇന്‍ കമാന്‍ഡര്‍. 30 പ്ലറ്റൂണുകളാണ് പരേഡില്‍ പങ്കെടുക്കുക. പരേഡിന് മുമ്പ് സിവില്‍ സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ മുഖ്യാതിഥി  പുഷ്പചക്രം അര്‍പ്പിക്കും.  ജനുവരി 22, 23 തീയതികളില്‍ വൈകീട്ട് മൂന്നിനും 24 ന് രാവിലെ എട്ട് മണിക്കും എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ റിഹേഴ്സല്‍ നടത്തും. 26ന് രാവിലെ 7.15ന്  മലപ്പുറം കളക്ടറേറ്റില്‍ നിന്ന് പ്രഭാതഭേരി ആരംഭിക്കും. മലപ്പുറത്തെ 12 വിദ്യാലയങ്ങലില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്  പ്രഭാതഭേരിയില്‍ പങ്കെടുക്കുക.  മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങള്‍ക്ക് റോളിങ് ട്രോഫി നല്‍കും.
റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാന്‍ എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രഭാതഭേരി പരേഡ് ഗ്രൗണ്ടില്‍ എത്തുന്നതുവരെ മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ ഗതാഗതം ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിയെ യോഗം ചുമതലപ്പെടുത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി വ്യാപാരസ്ഥാപനങ്ങള്‍ അലങ്കരിക്കുന്നതിന് വ്യാപാരികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏറ്റവും നന്നായി അലങ്കരിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് സമ്മാനം നല്‍കും.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) പി.സുരേഷ്, ഹുസൂര്‍ ശിരസ്തദാര്‍ കെ. അലി, എം.എസ്.പി അസി. കമാന്‍ഡന്റ് പി. ഹബീബുറഹിമാന്‍, ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസര്‍ കെ.എച്ച് മുഹമ്മദ് അസ്ലം, വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date