Skip to main content

കോവിഡ്: ഡെഡ് ബോഡി മാനേജ്മെന്റ് മാർഗനിർദേശങ്ങൾ പുതുക്കി

*പോസ്റ്റ്മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഡെഡ് ബോഡി മാനേജ്മെന്റ് മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പോസ്റ്റ്മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണപ്പെട്ട കേസിൽ കോവിഡ് ആണെന്ന് ശക്തമായ ക്ലിനിക്കൽ സംശയം തോന്നിയാൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് മതിയാകും. പോസ്റ്റ്മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവർത്തകരും പിപിഇ കിറ്റ്, എൻ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീൽഡ് തുടങ്ങിയ സ്റ്റാൻഡേർഡ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ മൃതദേഹം കുളിപ്പിക്കുകയാണെങ്കിൽ രോഗം പകരാതിരിക്കാൻ കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. മൃതദേഹം കുളിപ്പിക്കുക, വൃത്തിയാക്കുക, വസ്ത്രം ധരിപ്പിക്കുക, മുടി വൃത്തിയാക്കുക, ഷേവ് ചെയ്യുക, നഖങ്ങൾ മുറിയ്ക്കുക തുടങ്ങിയവ ചെയ്യുന്നവർ കയ്യുറ, ഫേസ് ഷീൽഡ്/ കണ്ണട, മെഡിക്കൽ മാസ്‌ക് എന്നിവ ധരിക്കണം. എൻ 95 മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. നീളത്തിൽ കൈയ്യുള്ള വസ്ത്രം ധരിക്കുകയും നടപടി ക്രമങ്ങൾക്ക് ശേഷം ഉടനടി വസ്ത്രം നീക്കം ചെയ്യുകയും സോപ്പുപയോഗിച്ച് കഴുകുകയും ചെയ്യുക.

60 വയസിന് മുകളിലുള്ളവരും ഹൃദ്രോഗം, പ്രമേഹം മുതലായ ഗുരുതര രോഗമുള്ളവരും കോവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മൃതദേഹവുമായി നേരിട്ടിടപെടരുത്. കോവിഡ് വാക്സിനേഷന്റെ മുഴുവൻ ഡോസും എടുത്തവർ മൃതദേഹം കൈകാര്യം ചെയ്യുന്നതാണ് നല്ലത്. മൃതദേഹം സൂക്ഷിച്ച സ്ഥലങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.

മൃതദേഹവുമായി ഇടപെടുന്ന എല്ലാവരും സോപ്പ് ഉപയോഗിച്ച് നന്നായി കുളിക്കണം. അവർ 14 ദിവസം പനി, ചുമ, തൊണ്ടവേദന, ക്ഷീണം, വയറിളക്കം എന്നിവയുണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. വീട്ടിൽ വച്ച് മരണം സംഭവിച്ചാൽ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെ അറിയിച്ച് അവർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ്.

പി.എൻ.എക്സ്. 477/2023

date