Skip to main content

ഇ-വാഹന നിർമാണ കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകുമെന്ന് ഗതാഗതമന്ത്രി

ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനും അസംബിൾ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകാൻ തയ്യാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആൻറണി രാജു അറിയിച്ചു.

ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്തർദേശീയ കോൺഫറൻസും എക്‌സ്‌പോയും ആയ 'ഇവോൾവി' ന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് ഇവിടെ സംരംഭം തുടങ്ങാൻ സ്ഥലം, കെട്ടിടം എന്നിവ അന്വേഷിച്ച് പ്രയാസപ്പെടേണ്ടതില്ല.  കെ.എസ്.ആർ.ടി.സിയുടെ സ്ഥലവും കെട്ടിടങ്ങളും വർക്ക്‌ഷോപ്പും അനുവദിച്ചു നൽകാൻ തയ്യാറാണ്, മന്ത്രി വ്യക്തമാക്കി.

മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഇവോൾവ് വൻ വിജയവും പ്രയോജനപ്രദവും ആയതിനാൽ എല്ലാ വർഷവും പരിപാടി കേരളത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യാന്തര സെമിനാറിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി സഹകരിച്ചുകൊണ്ട് ഇ-വാഹന മേഖലയിൽ കേരളം വൻ മുന്നേറ്റം നടത്തും. വരാൻ പോകുന്നത് ഇ-മൊബിലിറ്റിയുടെ കാലമാണ്. അത് മനസ്സിലാക്കിയാണ് കേരളം ഈ മേഖലയിൽ മുന്നേ ചുവടുവെച്ചത്.

'ഇവോൾവ് വേദിയിൽ വച്ചാണ് കേന്ദ്ര മന്ത്രി രാമേശ്വർ തേലി കേരളത്തിൽ മൂന്ന് ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ എന്നിവയുമായി സഹകരിച്ചായിരിക്കുമിത്.

ആദി ഗ്രൂപ്പ് കേരളത്തിൽ ഹൈഡ്രജൻ ഹബ്ബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നൈപുണ്യ വികസന സംവിധാനം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അസാപ്പ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി സഹകരിച്ചാണിത്.

നിലവിൽ 40 ഇ-ബസ്സുകൾ ഉള്ള കെ.എസ്.ആർ.ടി.സി 400 എണ്ണം കൂടി പുതുതായി വാങ്ങും. ഇതിന് പുറമേ ഡീസൽ ബസുകൾ ഇലക്ട്രിക് ആക്കി മാറ്റാൻ കഴിയുമോ എന്നത് സാമ്പത്തികനില കൂടി പരിഗണിച്ച് തീരുമാനമെടുക്കും.

സമാപന സമ്മേളനം ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജനസംഖ്യയുടെ പകുതിയോളം വാഹനങ്ങളുള്ള കേരളം തന്നെ ഇവോൾവിന് വേദിയായത് എന്തുകൊണ്ടും അനുയോജ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാരമ്പര്യേതര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സബ്‌സിഡിയും റിബേറ്റും നികുതിയിളവും നൽകുന്നുണ്ട്.

ചടങ്ങിൽ ഗതാഗത മന്ത്രി ഡിജിറ്റൽ സുവനീർ പ്രകാശനം ചെയ്തു. മാലിദ്വീപ് കോൺസൽ ജനറൽ ആമിന അബ്ദുല്ല ദീദി, അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാൽ, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർഗതാഗത വകുപ്പ് കമ്മീഷണർ എസ് ശ്രീജിത്ത്, ഗതാഗത വകുപ്പ് അഡീഷനൽ  കമ്മീഷണർ പി. എസ് പ്രമോദ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.

എട്ട് സെഷനുകളിലായി വിദേശ പ്രതിനിധികൾ ഉൾപ്പെടെ സജീവമായി പങ്കെടുത്ത സെമിനാറിൽ ഓട്ടോമൊബൈൽ രംഗത്തെ ഗവേഷകർ, ബാറ്ററി നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, വാഹന നിർമ്മാതാക്കൾ എന്നിവർ ആശയങ്ങൾ പങ്കുവെച്ചു. ഇതോടനുബന്ധിച്ച് പൊലീസ് മൈതാനിയിൽ നടക്കുന്ന വാഹനങ്ങളുടെ എക്‌സ്‌പോ ഞായറാഴ്ച സമാപിക്കും.

പി.എൻ.എക്സ്. 408/2023

date