Skip to main content
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളത്ത് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

നൈപുണ്യം മിനുക്കാൻ ജില്ല: ആദ്യ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളത്ത്

 

വൈദഗ്ധ്യ പോഷണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുക ലക്ഷ്യം: മന്ത്രി ആർ ബിന്ദു 

യുവതയുടെ തൊഴിൽ നൈപുണ്യത്തിന് ഇനി കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ കരുത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്  ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു കുന്നംകുളത്ത് സമർപ്പിച്ചു.

വൈദഗ്ധ്യ പോഷണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. തൊഴിലന്വേഷകര്‍ക്ക് അഭിരുചിക്ക് അനുസരിച്ചുള്ള നൈപുണ്യ പരിശീലനം നല്‍കിയാണ് അവരുടെ സംരംഭകത്വ ശേഷി പ്രോത്സാഹിപ്പിക്കുന്നത്.   നൂതനമായ ആശയങ്ങൾ  മുന്നോട്ട് വെയ്ക്കാൻ തയ്യാറുള്ള യുവതി - യുവാക്കൾക്ക് അത് സാക്ഷാത്കരിക്കാനുള്ള പശ്ചാത്തലമാണ് സർക്കാർ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി വിവിധ നൈപുണ്യ വികസന പരിപാടികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ഉന്നതവിദ്യാഭ്യാസം നേടുന്നവരില്‍ സ്ത്രീകളുടെ എണ്ണം ഉയരുമ്പോഴും അവരില്‍ തൊഴില്‍ മേഖലയിലേയ്ക്ക് കടക്കുന്നവര്‍ കുറവാണ്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വൈദഗ്ധ്യത്തിന്റെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധിയെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അസാപ്പ് പോലുള്ള ഏജന്‍സികളുമായി ചേര്‍ന്ന് നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. തൊഴില്‍ നൈപുണ്യത്തിനായി 133 ഓളം കോഴ്‌സുകളാണ് അസാപ്പ് നടപ്പിലാക്കുന്നത്.  ഇവയിലൂടെ യുവതി യുവാക്കൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് നൈപുണ്യം നേടി ആത്മവിശ്വാസത്തോടെ തൊഴിലിൽ മുന്നേറാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 

കെ ഡിസ്‌കിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ ഫോഴ്‌സ് മാനേജ്‌മെന്റ് സംവിധാനം  തൊഴില്‍ അന്വേഷകരെയും തൊഴില്‍ദായകരെയും സ്‌കില്‍ ഏജന്‍സികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ്. അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും തൊഴില്‍ദായകരെ കണ്ടെത്താനും ഇതിലൂടെ സാധിക്കും. വിവിധ തൊഴില്‍ മേഖലകളെ പരിചയപ്പെടാനും കണ്ടെത്താനും നൈപുണ്യം ആര്‍ജ്ജിക്കാനും ആത്മവിശ്വാസത്തോടെ സംരംഭം തുടങ്ങാനുമുള്ള ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. വിവിധ തൊഴില്‍ മേഖലകളിലേയ്ക്ക് ആത്മവിശ്വസത്തോടെ കടന്നുചെല്ലാനും  തൊഴിലന്വേഷകര്‍ക്ക് അവർ ആഗ്രഹിച്ച തൊഴിൽ നേടാനും സഹായിക്കുന്ന ഹബ്ബായി സ്കിൽ പാർക്ക് മാറട്ടെയെന്നും  മന്ത്രി ആശംസിച്ചു. 

ജില്ലാ അടിസ്ഥാനത്തിൽ ജനങ്ങളുടെ നൈപുണ്യ വികസനത്തിനുള്ള വളർച്ചയ്ക്കും തൊഴിലവസരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിഭാവനം ചെയ്തിട്ടുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ശ്രേണിയിലെ പത്താമത്തെ സ്കിൽ പാർക്ക് ആണ് കുന്നംകുളത്ത് പ്രവർത്തനം ആരംഭിക്കുന്നത്. മൂന്ന് നിലകളിലായി 30013.62 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് സ്കിൽ പാർക്ക് ഒരുക്കിയിട്ടുള്ളത്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ വിഭാവനം ചെയ്ത 16 സ്കിൽ പാർക്കുകളിൽ ഒന്നാണ്  കുന്നംകുളത്തേത്. 

ഏത് മേഖലയിലുള്ള പരിശീലന കോഴ്സും നടത്താൻ ആവശ്യമായ സ്കിൽ പാർക്കിന്റെ ഓപ്പറേറ്റിംഗ് പാർട്ണർ ഇറാം സ്‌കിൽസ് അക്കാദമിയാണ്. ഇറാം ടെക്നോളജീസും അസാപ്പും സംയുക്തമായാണ് സ്കിൽ പാർക്കിൻ്റെ പ്രവർത്തനം. യുവജനങ്ങളുടെ നൈപുണ്യ വികസനത്തിലൂടെ തൊഴിൽ മേഖലകളിൽ പുതിയ പ്രതിഭകളെ വാർത്തെടുക്കുകയാണ് ലക്ഷ്യം.  

ഒരേക്കർ ഭൂമിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ലാബ് സൗകര്യങ്ങളും ഉള്ള സ്കിൽ പാർക്കിൽ വിദ്യാർത്ഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയ്ഞ്ചിംഗ് റൂമുകൾ, മീറ്റിംഗ് റൂമുകൾ, പ്രത്യേക സെർവർ റൂമോട് കൂടിയ ഐ.ടി ലാബ്, 56350 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി, മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനം,   സമീപ ഭാവിയിൽ ഇലക്ട്രോണിക് വെഹിക്കിൾ ടെക്‌നിഷ്യൻ ഉൾപ്പെടെയുള്ള കോഴ്സുകൾ ആരംഭിക്കുക എന്ന ഉദ്ദേശത്തോടെ പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള ഇ.വി ചാർജിങ് പോയിന്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ രീതിയിലാണ് സ്കിൽ പാർക്ക് നിർമിച്ചിട്ടുള്ളത്. ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കായുള്ള ടോയ്‌ലറ്റ് സൗകര്യം, കാഴ്ചപരിമിതർക്കായുള്ള ടൈലുകൾ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. 

പ്രാരംഭ ഘട്ടമെന്ന നിലയിൽ വിദേശത്തു ഏറെ തൊഴിൽ സാധ്യതയുള്ള സർട്ടിഫൈഡ് നഴ്സിംഗ് അസിസ്റ്റന്റ്, അഡ്വാൻസ്‌ഡ് ഡിപ്ലോമ  ഇൻ ലോജിസ്റ്റിക്‌സ് മാനേജ്മെന്റ്, ഫിറ്റ്നസ് ട്രെയിനർ, ജി എസ് ടി യൂസിംഗ് ടാലി  എന്നീ കോഴ്സുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ സോളാർ ടെക്‌നിഷ്യൻ, പ്രിന്റിംഗ് ടെക്നോളജി, ഓട്ടോമോട്ടീവ് ടെക്നോളജി എന്നീ കോഴ്സുകളും സമീപ ഭാവിയിൽ നടത്തപ്പെടും. തെരഞ്ഞെടുത്ത  കോഴ്‌സുകളിലേക്ക് സ്കോളർഷിപ് സ്‌കീം, സ്കിൽ ലോൺ, ഇൻസ്റ്റാൾമെന്റ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് അസാപിന്റെ വിവിധ കോഴ്സുകൾ സൗജന്യമായി സ്കിൽ പാർക്ക് വഴി ലഭ്യമാക്കും.  

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ എ സി മൊയ്‌തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  കുന്നംകുളം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സീത രവീന്ദ്രൻ, നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ, കാട്ടകാമ്പാൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ഇ എസ്, പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണൻ, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാൽ, വാർഡ് കൗൺസിലർ ബിജു സി ബേബി, ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദ്, ഇറാം ടെക്നോളജീസ് ഡയറക്ടർ പൗലോസ് തേപ്പാല, അസാപ് കേരള സി ഇ ഒ അൻവർ ഹുസൈൻ, കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഡിവിഷൻ ഹെഡ് ഇവി സജിത് കുമാർ, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ ടിയാര സന്തോഷ്, നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.

date