Skip to main content

മാസ്റ്റർപ്ലാൻ പ്രവൃത്തി പുരോഗതി മന്ത്രി വിലയിരുത്തി

ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ അനുസരിച്ചാണ് ദേവധാർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ജനപ്രതിനിധികളും, വിവിധ ഏജൻസികളും പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ മാസ്റ്റർപ്ലാനിന് ഭംഗംവരാത്ത തരത്തിൽ ആയിരിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. താനൂർ ദേവധാർ ഗവ ഹയർ സെക്കൻഡറി സ്കൂൾ മാസ്റ്റർപ്ലാൻ പ്രവൃത്തി പുരോഗതി അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

     റെയിൽവേ ട്രാക്കിന് സമീപത്തെ മുഴുവൻ കെട്ടിടങ്ങളും കിഴക്ക് ഭാഗത്തേക്ക് മാറ്റുമെന്നും, പടിഞ്ഞാറ് ഭാഗത്ത് സിന്തറ്റിക് ടർഫ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ രണ്ടാംഘട്ട പദ്ധതി, ഹൈസ്കൂൾ, യുപി വിഭാഗം കെട്ടിടം, സിന്തറ്റിക് ടർഫ്, മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് എന്നിവയുടെ നിർമാണത്തെക്കുറിച്ചും ചർച്ച നടന്നു. അധ്യാപകർ, പൂർവ്വാധ്യാപകർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

     താനാളൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി അബ്ദുറസാഖ്, പഞ്ചായത്തംഗം കെ വി ലൈജു, ബിപിസി കെ കുഞ്ഞികൃഷ്ണൻ, എഇഒ എം കെ സക്കീന, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ ചുള്ളിയത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ്കുമാർ സ്വാഗതവും, ഹെഡ്മിസ്ട്രസ് കെ ബിന്ദു നന്ദിയും പറഞ്ഞു.

date