Skip to main content

ഭക്ഷ്യവിഷബാധ: ജില്ലയിൽ ഒരു പശു ചത്തു

കോട്ടയം: കാലിത്തീറ്റയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയെന്നു സംശയിക്കുന്ന കേസിൽ ജില്ലയിൽ ഒരു പശു ചത്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. കടുത്തുരുത്തി സ്വദേശി വട്ടക്കേരിയിൽ ജോബി ജോസഫ് എന്ന ക്ഷീരകർഷകന്റെ പശുവാണ് ചത്തത്. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
 ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിലെ വിവിധയിടങ്ങളിലായി കാലിത്തീറ്റ കഴിച്ച പശുക്കൾക്കു വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ(ഫെബ്രുവരി 1) 16 കർഷകരുടെ 50 പശുക്കൾക്കു കൂടി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാമ്പാടി ഗ്രാമപഞ്ചായത്തിലെ അഞ്ചു കർഷകരുടെ 12 പശുക്കൾക്കും മീനടം ഗ്രാമപഞ്ചായത്തിലെ മൂന്നുകർഷരുടെ എട്ടു പശുക്കൾക്കും നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ടു കർഷകരുടെ ഒൻപതു പശുക്കൾക്കും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നുകർഷകരുടെ ഒൻപതു പശുക്കൾക്കും കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ ഒരു കർഷകന്റെ നാലു പശുക്കൾക്കും ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ഒരു കർഷകന്റെ മൂന്നു പശുക്കൾക്കും വാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു കർഷകന്റെ അഞ്ചു പശുക്കൾക്കുമാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  
 കഴിഞ്ഞദിവസം ആർപ്പൂക്കര, കൊഴുവനാൽ, മുളക്കുളം, ഞീഴൂർ, കടുത്തുരുത്തി, മീനടം, കടപ്ലാമറ്റം, അതിരമ്പുഴ, പാമ്പാടി, കറുകച്ചാൽ, വാഴൂർ എന്നിവിടങ്ങളിലായി 23 കർഷകരുടെ 104 പശുക്കൾക്ക് അസുഖം സ്ഥിരീകരിച്ചിരുന്നു.
 പരിശോധനയ്ക്കായി എടുത്ത രക്തസാമ്പിളിൽ രോഗാണുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കരൾ പ്രവർത്തന പരിശോധനഫലവും സാധാരണനിലയിലാണെന്നും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാർ അറിയിച്ചു. കാലിത്തീറ്റ സാമ്പിൾ, ചാണകം എന്നിവ പരിശോധനയ്ക്കാൾക്കായി തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗനോസ്റ്റിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഭക്ഷ്യവിഷബാധയുടെ ചികിത്സാ പുരോഗതി ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ വിലയിരുത്തി. രോഗലക്ഷണങ്ങൾ കണ്ട പശുക്കൾക്ക് നിർജ്ജലീകരണത്തിനുള്ള ചികിത്സ, ആന്റിബയോട്ടിക്, ലിവർ ടോണിക് എന്നിവ അഞ്ചു ദിവസത്തേക്കു തുടരുന്നതിനു നിർദേശിച്ചിട്ടുണ്ട്. മറ്റു പശുക്കൾ രോഗാവസ്ഥയിൽ നിന്നു മെച്ചപ്പെടുന്ന സ്ഥിതിയാണെന്നു വിലയിരുത്തി.

date