Skip to main content

നവജാത ശിശുക്കളുടെ പരിചരണത്തിന് കൂടുതല്‍ കരുതല്‍ നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു

നവജാത ശിശുക്കളുടെ പരിചരണത്തിന് കൂടുതല്‍ കരുതല്‍ നല്‍കുന്ന എച്ച്.ബി.എന്‍.സി (ഹോം ബേസ്ഡ് കെയര്‍ ഓഫ് ന്യൂബോണ്‍) പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. ആശുപത്രി ഡിസ്ചാര്‍ജിനു ശേഷം പരിചരണവും അതീവ ശ്രദ്ധയും ആവശ്യമുള്ള,  മാസം തികയാതെ ജനിച്ചവരും തൂക്കം കുറഞ്ഞവരുമായ നവജാത ശിശുക്കള്‍ക്ക് പരിചരണം ഉറപ്പാക്കുന്ന പദ്ധതിയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. ഒരു കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ആദ്യത്തെ ആയിരം ദിനങ്ങള്‍ (ഗോള്‍ഡന്‍ ഡേയ്സ്) സ്വാധീനിക്കുന്നു. കൃത്യമായ വളര്‍ച്ചാ നിരീക്ഷണം, ഭക്ഷണരീതികള്‍, പ്രതിരോധ കുത്തിവെയ്പ്പുകള്‍, വൃത്തിയോട് കൂടിയ ശിശു പരിചരണം എന്നിവ ഉറപ്പാക്കാന്‍ പരിശീലനം ലഭിച്ച ആശമാര്‍ കൃത്യമായ ഇടവേളകളില്‍ വീടുകളിലെത്തി രക്ഷിതാക്കളെ സജ്ജരാക്കും. ജില്ലയിലെ ട്രൈബല്‍, തീരദേശ, നഗര ചേരി പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കും.
ഇതിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരായ ജെപിഎച്ച്എന്‍, പിആര്‍ഒ എന്നിവര്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടി ഡിഎംഒ ഡോ. രേണുക ആര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ അനൂപ് ടിഎന്‍ അധ്യക്ഷത വഹിച്ചു. പദ്ധതി ജനങ്ങളിലേക്ക് എത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആര്‍സിഎച്ച് ഓഫീസര്‍ ഡോ പമീലി എന്‍.എന്‍ സംസാരിച്ചു. ശിശുരോഗ വിദഗ്ദരായ ഡോ.രഞ്ജിത്ത് , ഡോ. രാജേഷ് . ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി രാജു എന്നിവര്‍ ക്ലാസുകള്‍ എടുത്തു .
 

date