Skip to main content

കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരു വർഷം പൂർത്തിയാവുന്നു

കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയിൽ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ഒരു വർഷം പൂർത്തിയാവുന്നു. കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2022 ഫെബ്രുവരി 12ന് ആരംഭിച്ച യാത്ര 170 ഓളം ട്രിപ്പുകൾ നടത്തി ഒന്നേ കാൽ കോടി രൂപ വരുമാനം നേടി. ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുതിയ ടൂർ പാക്കേജുകൾക്ക് രൂപം കൊടുക്കുന്ന തിരക്കിലാണ് ജില്ലാ കോർഡിനേറ്റർ കെ ജെ റോയിയും ഡിപ്പോ കോർഡിനേറ്റർ കെ ആർ തൻസീറും. ഫെബ്രുവരിയിൽ നടത്തുന്ന ടൂർ പാക്കേജ് തയ്യാറായി. വാഗമൺ-കുമരകം: ഒന്നാമത്തെ ദിവസം വാഗമണിലും രണ്ടാമത്തെ ദിവസം കുമരകത്തും ചെലവഴിക്കുന്ന പാക്കേജിന് താമസവും ഭക്ഷണവുമുൾപ്പെടെ ഒരാൾക്ക് 3900 രൂപയാണ്. ഫെബ്രുവരി മൂന്ന്, 10, 17 തീയതികളിൽ വൈകിട്ട് ഏഴ് മണിക്ക് യാത്ര പുറപ്പെടും.
മൂന്നാർ: ഒന്നാമത്തെ ദിവസം അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ച് മൂന്നാറിൽ താമസിച്ച് രണ്ടാമത്തെ ദിവസം മൂന്നാറിൽ ഏഴോളം സ്ഥലങ്ങൾ സന്ദർശിക്കും. ഭക്ഷണവും പ്രവേശന ഫീസും ഒഴികെ ഒരാൾക്ക് 2150 രൂപയാണ്. ഫെബ്രുവരി 11നും 25നും രാവിലെ ആറ് മണിക്ക് യാത്ര പുറപ്പെടും.
നെഫ്രിറ്റിറ്റി: ആഡംബരകപ്പൽ യാത്രക്ക് ഒരാൾക്ക് 3850 രൂപയാണ്. ഫെബ്രുവരി 22ന് രാവിലെ അഞ്ച് മണിക്ക് യാത്ര പുറപ്പെടും. കൂടാതെ എല്ലാ ഞായറാഴ്ച്ചകളിലും വയനാടിലെ എൻ ഊര്, ബാണാസുര സാഗർ ഡാം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ്, ചങ്ങലമരം, ടീപ്ലാന്റേഷൻ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. നാല് നേരത്തെ ഭക്ഷണവും പ്രവേശന ഫീസുമുൾപ്പെടെ 1180 രൂപയാണ്. ഫോൺ: 9496131288, 8089463675, 9048298740.

date