Skip to main content

നഗരപ്രദേശങ്ങളിലെ രാത്രികാല പട്രോളിങ്  ശക്തിപ്പെടുത്തണം: താലൂക്ക് വികസന സമിതി

    എറണാകുളം നഗരത്തില്‍ അര്‍ദ്ധരാത്രി കൊലപാതകങ്ങളും ലഹരി ഇടപാടുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. കണയന്നൂര്‍ താലൂക്ക് പരിധിയില്‍ പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കുമ്പളം രവി അധ്യക്ഷത വഹിച്ച താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

   തൃപ്പൂണിത്തുറ ഭാഗത്ത് ഓട്ടോറിക്ഷകള്‍ അമിതകൂലി ഈടാക്കുന്നതായി പരാതി ഉയര്‍ന്നു. കണ്ടെയ്‌നര്‍ റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ആര്‍.ആര്‍ വിഭാഗത്തിന്റെ ജീപ്പ് മാറ്റി നല്‍കല്‍, തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം മുതല്‍ കിഴക്കേകോട്ട വരെ വാഹനങ്ങളില്‍ കച്ചവടം നടത്തുന്നത് റോഡില്‍ ഗതാഗതം തടസം സൃഷ്ടിക്കുന്നത് എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി. മുളവുകാട് തോട് കൈയേറിയതില്‍ നടപടി എടുക്കണം, വല്ലാര്‍പാടത്തെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള് സ്ഥലത്തെ തോടിന്റെ ആഴം കൂട്ടി നീരൊഴുക്ക്  സുഗമമാക്കുക, തെരുവുനായ്ക്കളെ കൂട് കെട്ടി സംരക്ഷിക്കുവാന്‍ എല്ലാ പഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. പനമ്പള്ളി നഗര്‍ പാസ്‌പോര്‍ട്ട് ഓഫീസ് മുതല്‍ കൃഷ്ണയ്യര്‍ റോഡ് വരെയുള്ള പ്രധാന നടപ്പാതയില്‍ രാത്രി 12ന് ശേഷം സ്ട്രീറ്റ് ലൈറ്റുകള്‍ അണക്കുന്നത് പുലര്‍ച്ചെ നടക്കുവാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

date