Skip to main content

വിദേശ തൊഴിൽ: പട്ടികജാതി വകുപ്പ് ചെലവഴിച്ചത് 1. 7 കോടി രൂപ

*ലക്ഷ്യമിട്ടത് 100 പേരെ, സഹായം നൽകിയത് 204 പേർക്ക് 

പട്ടികജാതി വിഭാഗത്തിൽപെട്ട യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിനായി പട്ടികജാതി വകുപ്പ് ജില്ലയിൽ ഈ സാമ്പത്തിക വർഷം ഇതുവരെ അനുവദിച്ചത് 1. 7 കോടി രൂപ ധനസഹായം. യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകൾക്കുമായി രണ്ടു ഗഡുക്കളായി ആകെ ഒരു ലക്ഷം രൂപയാണ് വകുപ്പ് അനുവദിക്കുക. ഒരു വർഷത്തെ തൊഴിൽ വിസ ലഭിച്ചാൽ ആദ്യ ഗഡുവായ 60000 രൂപയും ജോലിയിൽ പ്രവേശിച്ചതിന്റെ തെളിവ് ഹാജരാക്കിയാൽ രണ്ടാംഗഡു തുകയായ 40000 രൂപയും ലഭിക്കും.

ജില്ലയിൽ ഈ വർഷം ഇതുവരെ 204 പേർക്ക് ആദ്യഗഡു നൽകി. 100 പേർക്ക് ധനസഹായം നൽകുകയാണ് ജില്ലയിലെ ഭൗതിക ലക്ഷ്യം എന്നിരിക്കെയാണ് ഈ നേട്ടം. കഴിഞ്ഞ വർഷം ഒന്നാം ഗഡു നൽകിയ 43 ഗുണഭോക്താക്കൾക്കും ഈ വർഷം ഒന്നാം ഗഡു നൽകിയ 74 പേർക്കും പദ്ധതി പ്രകാരമുള്ള രണ്ടാം ഗഡുവും നൽകിയിട്ടുണ്ട്. 

ഏതെങ്കിലും തൊഴിൽമേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിനായാണ് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകൾക്കും ധനസഹായം നൽകുന്നത്. അവിദഗ്ധ തൊഴിലവസരം തേടുന്നവരെയും പദ്ധതിക്കായി പരിഗണിക്കും. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള 20നും 50 നും മധ്യേ പ്രായമുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട്, തൊഴിൽ വിസ, വിമാന ടിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, വിദേശ തൊഴിൽദാതാവിൽ നിന്നുള്ള തൊഴിൽ കരാർ പത്രം, റസിഡന്റ് ഐഡന്റിറ്റി കാർഡ്, ജോബ് ലെറ്റർ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.

date