Skip to main content

തുല്യതാ രജിസ്ട്രേഷന് തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന തുല്യതാ കോഴ്സുകളുടെ 2023-24 വർഷത്തെ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈനായിട്ടാണ് രജിസ്ട്രേഷൻ. 22 വയസ്സ് പൂർത്തിയായ പത്താം ക്ലാസ്സ് വിജയിച്ചവർക്ക് ഹയർസെക്കന്ററി തുല്യതക്ക് രജിസ്റ്റർ ചെയ്യാം. 2600 രൂപയാണ് കോഴ്സ് ഫീസ്, രജിസ്ട്രേഷൻ ഫീ ഇനത്തിൽ അടക്കേണ്ടത്. 

17 വയസ്സ് പൂർത്തിയായ 7-ാം ക്ലാസ് വിജയിച്ചവർക്ക് പത്താംതരത്തിന് രജിസ്റ്റർ ചെയ്യാം. 1950 രൂപയാണ് ഇവർ അടയ്ക്കേണ്ടത്. 15 വയസ്സ് പൂർത്തികരിച്ച് 4-ാം ക്ലാസ് വിജയിച്ചവർക്ക് 7-ാം തരത്തിനും 4-ാം ക്ലാസിലോ അതിനുമുൻപോ പഠനം നിർത്തിയവർക്ക് 4-ാം തരം തുല്യതയ്ക്കും രജിസ്റ്റർ ചെയ്യാം. 

4, 7 തുല്യതാ രജിസ്ട്രേഷനുകൾ സൗജന്യമാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ പത്താംതരത്തിന് 100 രൂപയും ഹയർസെക്കന്ററിക്ക് 300 രൂപയും അടച്ചാൽ മതി. ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സൗജന്യമാണ്. ട്രാൻസ്ജെൻഡർ പഠിതാക്കൾക്ക് സ്കോളർഷിപ്പും വിജയികളാകുന്ന പട്ടികവർഗ വിഭാഗക്കാർക്ക് ധനസഹായവും നൽകും.

രജിസ്റ്റർ ചെയ്യുന്ന പത്താംതരം ഹയർസെക്കന്ററി പഠിതാക്കൾക്ക് രണ്ടാംശനി ദിവസങ്ങളിലും എല്ലാ ഞായർ ദിവസങ്ങളിലും സമ്പർക്ക പഠന ക്ലാസ്സ് ഉണ്ടായിരിക്കും. ഒരു രജിസ്ട്രേഷനും ഉയർന്ന പ്രായപരിധിയില്ല. ഈ വർഷത്തെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ മാർച്ച് 15 വരെ പിഴയില്ലാതെ നടത്താം. ഫോൺ: 0487 2365024, 9446793460

date