Skip to main content

സുജാതൻ മാഷ് തിരക്കിലാണ്, ഇറ്റ്ഫോക്കിന് വേദിയൊരുക്കാൻ

പതിമൂന്നാമത് എഡിഷനുമായി ഇറ്റ്ഫോക് മുന്നേറുമ്പോൾ വേദിയൊരുക്കങ്ങളുടെ തലപ്പൊക്കത്ത് ഒരാളുണ്ട്, സുജാതൻ മാഷ്. ഇറ്റ്ഫോക്കിന്റെ തുടക്കകാലം മുതൽ ഇന്നുവരെ രംഗകലയുടെ പശ്ചാത്തലങ്ങൾക്ക് അഴകളവുകൾ തീരുമാനിച്ച് നാടകപ്രേമികളെ കലയുടെ മുറ്റത്തേയ്ക്ക് ആനയിക്കുന്ന ഒരു യഥാർത്ഥ കലാകാരൻ. 10 ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് ഒരുക്കങ്ങൾക്കായി മാസങ്ങൾക്ക് മുൻപേ സുജാതൻ മാഷ് ഓടിത്തുടങ്ങും. 7 വേദികളുടെയും രംഗപശ്ചാത്തലങ്ങളും ആർട്ടിസ്റ്റുകളുടെ വസ്ത്രാലങ്കാരങ്ങളും ഒരുക്കുന്നത് സുജാതൻ മാഷിന്റെ നേതൃത്വത്തിലാണ്. വിദേശനാടകങ്ങൾക്കും അവരുടെ നിർദ്ദേശം അനുസരിച്ചു രംഗസാമഗ്രികൾ ഒരുക്കുന്നത് ഈ സംഘം തന്നെ. നാടകകലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന രംഗപശ്ചാത്തലം ഒരുക്കുന്നതിൽ അതീവശ്രദ്ധ വേണമെന്നാണ് സുജാതൻ മാഷിന്റെ ഭാഷ്യം. 

വേദികൾക്ക് വേണ്ടി ഒരുക്കുന്ന രംഗസാമഗ്രികൾ ഏറെയും തടി കൊണ്ടാണ് നിർമ്മിക്കുക. ഓരോ മേളയ്ക്ക് ശേഷവും സാമഗ്രികൾ അടുത്ത മേളയ്ക്ക് ഉപയോഗിക്കാൻ എടുത്തു വയ്ക്കുകയാണ് പതിവ്. രണ്ട് വർഷത്തെ കോവിഡ് ഇടവേളയിൽ ഇങ്ങനെ എടുത്തുവച്ച സാമഗ്രികൾ മുഴുവൻ നശിച്ചുപോയതിനാൽ ഈ വർഷം എല്ലാം പുതിയത് നിർമ്മിക്കേണ്ടി വന്നു. ഇത് വലിയ ജോലിഭാരമാണ് നൽകിയത്. മുരളി തിയേറ്റർ, കൂത്തമ്പല വേദി എന്നിവയുടെ നവീകരണവും ഇതോടൊപ്പം ഉണ്ടായി. തൊഴിലാളികളുടെ ദൗർലഭ്യവും മറ്റും പ്രതിസന്ധിയായെങ്കിലും മിനുക്കുപണികൾ മുന്നേറുകയാണ് അക്കാദമി അങ്കണത്തിൽ.

1967 മുതൽ പ്രൊഫഷണൽ നാടകരംഗത്ത് സജീവമാണ് സുജാതൻ മാഷ്. കെപിഎസി പോലുള്ള പ്രമുഖ നാടകട്രൂപ്പുകൾക്ക് വേണ്ടി വേദിയൊരുക്കാനും അദ്ദേഹം മുന്നിലുണ്ട്. 2008ൽ ഇറ്റ്ഫോക്കിന്റെ തുടക്കം മുതൽ സുജാതൻ മാഷിനൊപ്പമുള്ള പ്രേമൻ, തിലകൻ, ഷാജു എന്നിവരും ഇറ്റ്ഫോക്കിന്റെ പ്രിയതാരങ്ങൾ തന്നെ. അരങ്ങിനെ ഒരുക്കാൻ കൈമെയ് മറന്നു അധ്വാനിക്കുകയാണ് ഈ സംഘം. കോവിഡിന്റെ കൊടുങ്കാറ്റിൽ തലകുനിച്ചു നിന്ന കലയുടെ അരങ്ങുകൾ ഉണരുകയാണ്. രംഗകലയുടെ വർണ്ണപ്പകിട്ടുകളിൽ സ്വയംമറക്കാൻ കാത്തിരിക്കുന്ന കലാപ്രേമികൾ ഇനി പൂരത്തിന്റെ നാട്ടിലേയ്ക്ക് ഒഴുകുകയായി.

date