Skip to main content

മേളപ്പെരുമയില്‍ അരങ്ങുണര്‍ന്നു : വിശ്വനാടക വേദിയില്‍ കൊട്ടിക്കയറി മട്ടന്നൂര്‍

കേരളത്തിന്റെ പരമ്പരാഗത ഉത്സവത്തിമിര്‍പ്പ് ലോകത്തിന് മുന്നിലെത്തിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ  വാദ്യ മേളത്തോടെ വിശ്വനാടക വേദിക്ക് അരങ്ങുണര്‍ന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കെ ടി മുഹമ്മദ് തീയറ്റര്‍ പരിസരത്ത് അണിനിരന്ന 101 വാദ്യകലാകാരന്‍മാര്‍ നാടകദിനങ്ങളുടെ വരവറിയിച്ചു. സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മേളക്കാരനായി ഇറ്റ്‌ഫോക്കിന്റെ അരങ്ങുണര്‍ത്തിയതും പുതിയൊരു ചരിത്രമായി. കൊമ്പും കുഴലും ചെണ്ടയും നാടകവേദി പരിസരത്തെ താളമയമാക്കി. 

ഒരു മണിക്കൂറോളം വാദ്യമേളത്തിന്റെ ആരോഹണ അവരോഹണങ്ങളില്‍ പരിസരമാകെ ലയിച്ചു. മേളയില്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കും പുതിയൊരനുഭവമായിരുന്നു മെഗാ വാദ്യമേളം. ജീവിതത്തിലാദ്യമായാണ് ഇത്തരമൊരു മേളം ആസ്വദിക്കുന്നതെന്ന് പലരും പറഞ്ഞു. 

നാടകോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സാംസ്‌കാരിക നഗരിയുടെ പ്രിയപ്പെട്ട മേളത്തോടെ തുടക്കം കുറിക്കുന്നത്. തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളത്തിന് കൊട്ടുന്ന പാണ്ടി മേളമാണ് ഇറ്റ്‌ഫോക്കിന് മുന്നോടിയായി അവതരിപ്പിച്ചത്. ചെണ്ടയിലെ ഇടന്തല, വലന്തല എന്നിവയും ഇലത്താളം, കുറുങ്കുഴല്‍, കൊമ്പ് എന്നിവയുമായിരുന്നു വാദ്യങ്ങള്‍. മട്ടന്നൂരിന്റെ മകന്‍ ശ്രീരാജും മേളത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

date