Skip to main content

വൈഗ 2023 രജിസ്ട്രേഷൻ പുരോഗമിക്കുന്നു

 

കേരള സർക്കാർ കൃഷിവകുപ്പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാലയായ വൈഗ 2023 ലെ വിവിധ പരിപാടികളിൽ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കാർഷിക സംരംഭകർക്ക് വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി നൽകുന്ന ഡി പി ആർ ക്ലിനിക്ക്, കാർഷിക മേഖലയിലെ പ്രശ്നനങ്ങൾക്ക് സാങ്കേതികമായ ഉത്തരങ്ങൾ വികസിപ്പിക്കുന്നതിനുള്ള അഗ്രി ഹാക്കത്തോൺ, ഉല്പാദകരെയും, സംരംഭകരേയുംതമ്മിൽ ബന്ധിപ്പിക്കുന്ന ബി2ബി മീറ്റ്, എക്സിബിഷനിൽ പങ്കെടുക്കുന്ന സ്റ്റാളുകളുടെ രജിസ്ട്രേഷൻ, വിവിധ കാർഷിക സെമിനാറുകളുടെ രജിസ്ട്രേഷൻ എന്നിവയാണ്  www.vaigakerala.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി നടത്തുന്നത്.

3  ദിവസമായി നടത്തുന്ന ഡി പി ആർ ക്ലിനിക്കിന്റെ രജിസ്ട്രേഷനിൽ 100ലധികം സംരംഭകർ രജിസ്റ്റർ ചെയ്തു. ക്ലിനിക്കിൽ പങ്കെടുക്കുന്ന ഓരോ സംരംഭകനും ആവശ്യമായ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടുകൾ തയ്യാറാക്കി നല്കുന്നതിനോടൊപ്പം സംരംഭം വിജയകരമായി പൂർത്തിയാക്കുന്നതിനു സർക്കാർ  പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം നേടാനും അവസരം ലഭിക്കും. ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും  സാങ്കേതിക വിദഗ്ധരും ക്ലിനിക്കിൽ പങ്കെടുക്കും. വൈഗ 2023ന്  മുന്നോടിയായി  ഫെബ്രുവരി 15,16,17 തീയതികളിൽ തിരുവനന്തപുരത്ത് ആനയറയിലുള്ള  സമമേതിയിലാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. ഡിപിആർ ക്ലിനിക്കിൻറെ രജിസ്‌ട്രേഷൻ ഫെബ്രുവരി 10ന് അവസാനിക്കും.

ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, കർഷകർ/ പ്രൊഫഷണലുകൾ ഉൾപ്പെടയുള്ളവർ എന്നീ 3 വിഭാഗങ്ങളിലായി 100 ഓളം ടീമുകൾ അഗ്രി ഹാക്കത്തോണിൽ രജിസ്ട്രേഷൻ നടത്തി. തെരഞ്ഞെടുക്കുന്ന 30 ടീമുകൾക്ക്  വെള്ളായണി കാർഷിക കോളേജിൽ വച്ച് നടത്തുന്ന 3  ദിവസം നീളുന്ന ഹാക്കത്തോണിൽ  പങ്കെടുക്കുവാനും,വിജയികളാകാനും  അവസരം ലഭിക്കും. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 50000 രൂപയോടൊപ്പം, വകുപ്പിന്റെ  പദ്ധതികളിൽ  അനുയോജ്യമായ പങ്കാളിത്തവും  ലഭിക്കും. 

ഫെബ്രുവരി 28ന് മസ്‌ക്കറ്റ് ഹോട്ടലിൽ നടത്തുന്ന ബി2ബി മീറ്റിൽ ഉല്പാദകരും സംരംഭകരുമുൾപ്പടെ 150ലധികം രജിസ്ട്രേഷനുകൾ നടന്നു. കാർഷിക മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്കൃത ഉൽപന്നങ്ങളും, മൂല്യ വർദ്ധിത ഉൽപന്നങ്ങളും വിൽക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന ഉത്പാദകരേയും ഉപഭോക്താക്കൾ/സംരഭകരേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇതുവഴി ലക്ഷ്യമിടുന്നു. 

 എക്സിബിഷനിൽ പങ്കെടുക്കുന്ന സ്റ്റാളുകളുടെ രജിസ്‌ട്രേഷൻ, വിവിധ സെമിനാറുകളിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ എന്നിവയും വെബ്സൈറ്റ് വഴി നടത്തുന്നുണ്ട്. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും സ്റ്റാളുകൾ  രജിസ്റ്റർ ചെയ്യുന്നതിനും വെബ്സൈറ്റ് സന്ദർശിക്കണം. 

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ 
ഫാം ഇൻഫർമേഷൻ ബ്യുറോ

date