Skip to main content

ഇറ്റ്ഫോക്കിലെത്തിയത് ഓപ്പറയുടെ ഹ്രസ്വരൂപം: തായ്‌വാനീസ് അണിയറ പ്രവർത്തകർ

തായ്‌വാനീസ് ഓപ്പറയ്ക്ക് ലോക ശ്രദ്ധ പിടിച്ചു പറ്റാൻ ഹീറോ ബ്യൂട്ടിയിലൂടെ കഴിഞ്ഞെന്ന് ഓപ്പറെയുടെ അണിയറ പ്രവർത്തകർ. ആർട്ടിസ്റ്റ് ഇൻ കോൺവെർസേഷൻ പരിപാടിയിൽ തീയേറ്റർ ഡയറക്ടർ ചന്ദ്രദാസനുമായി സംസാരിക്കുകയായിരുന്നു മിംഗ്ഹ്വായുവാൻ നാടക കമ്പനിയിലെ നടിമാർ.

ഓപ്പറയുടെ  ഹ്രസ്വരൂപം  മാത്രമാണ് ഇറ്റ്ഫോക്കിൽ അവതരിപ്പിച്ചതെന്ന്  മിംഗ്ഹ്വായുവാൻ നാടക കമ്പിനിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിയോ സിയാൻ പറഞ്ഞു. ഏകദേശം 150 ഓളം കലാകാരന്മാർ അണിനിരക്കുന്ന ഓപ്പറായാണ് തായ്‌വാനിൽ അരങ്ങേറുന്നത്. അതിന് വലിയ സ്റ്റേജ്, വസ്ത്രാലങ്കാരം എന്നിവ  വേണ്ടിവരും. ഓപ്പറയ്ക്ക് ഒരു തുറന്ന സ്വഭാവമുണ്ട്. അതിനാൽ പോപ്പ് സംഗീതം, ജാസ് സംഗീതം, ഇന്ത്യൻ സംഗീതം, നൃത്തം എന്നിവ കൂട്ടിച്ചേർത്ത് അവതരണം ചെയ്യാറുണ്ട് - സിയോ സിയാൻ പറയുന്നു.

തായ്‌വാൻ പ്രവിശ്യയിലെ നാടോടികഥയാണ് ഓപ്പറയ്ക്ക് ആധാരം. പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഇടകലർത്തി അവതരിപ്പിക്കുന്ന ഹീറോ ബ്യൂട്ടിയിൽ തായ്‌വാനീസ് സംഗീതം, നാടകം, ആയോധന കലകൾ, നൃത്തം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുടെ വ്യത്യസ്തമായ ഘടകങ്ങൾ  മുഖമുദ്രയാണെന്നും അവർ പറഞ്ഞു.

സ്ത്രീകളെ  അവതരിപ്പിക്കുന്ന പുരുഷന്മാർ, പുരുഷന്മാരെ അവതരിപ്പിക്കുന്ന സ്ത്രീകൾ എന്നിവയുൾപ്പെടെ തായ് വാനീസ്  പ്രവിശ്യയിലെ നിരവധി കഥാപാത്രങ്ങൾ ഓപ്പറയിലുണ്ട്. ഓപ്പറയിലെ  പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സ്ത്രീ-പുരുഷൻമാർ പരസ്പരം മാറിയുള്ള അഭിനയം എന്ന് സിയോ സിയാൻ കൂട്ടിച്ചേർത്തു. മിംഗ്ഹ്വായുവാൻ നാടക കമ്പനിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സെൻ ചാ ചിങ്, യു മിന എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

'നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ' എന്ന  നാടകവുമായി ബന്ധപ്പെട്ടാണ് തുടർന്ന് ചർച്ച നടന്നത്. നാടകത്തിൽ വേദി എപ്രകാരം ഉപയോഗിക്കണം എന്നത് സംബന്ധിച്ച് സംവിധായകൻ കെ എസ് പ്രതാപൻ ജ്യോതിഷ് എം ജിയുമായി നടന്ന ചർച്ചയിൽ സംസാരിച്ചു. നാടകത്തിന് വേണ്ടി
ലൈറ്റിംഗ് സംവിധാനം ഒരുക്കിയ ജോസ് കോശിയുടെ സംഭാവന എടുത്തു പറഞ്ഞു.  പ്രധാന അഭിനേതാക്കളായ ബിന്ദു തങ്കം കല്യാണി, സഞ്ജു മാധവ്, സുനിൽ സുഖദ, നിധി, ആതിര എന്നിവരും ചർച്ചയുടെ ഭാഗമായി.

മൂന്നാമത്തെ ചർച്ചയിൽ ബിഹാറി നാടകമായ ഫൗൾ പ്ലേയെ പറ്റി സംവിധായകൻ രൺധിർ കുമാർ കലാനിരൂപക  കവിത ബാലകൃഷ്ണൻ, ദീപൻ ശിവരാമൻ എന്നിവരുമായി സംവദിച്ചു. സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഒരു ചിത്രം വരച്ച് കാട്ടുകയാണ് താൻ നൽകിയത് എന്ന് രൺധിർ കുമാർ പറഞ്ഞു.

date