Skip to main content

നാടക കളരിയിലേയ്ക്ക് വനിതകൾ: ശില്‍പ്പശാലയ്ക്ക് കിലയിൽ തുടക്കം

കേരള സംഗീത നാടക അക്കാദമി  അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സ്ത്രീ നാടക ശില്‍പ്പശാലയ്ക്ക് കിലയില്‍ തുടക്കം. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി ആർ പുഷ്പവതി അധ്യക്ഷത വഹിച്ചു. വർക്ക് ഷോപ്പ് കോർഡിനേറ്റർ ജലീൽ ടി കുന്നത്ത്, കുടുംബശ്രീ പ്രോഗ്രാം മാനേജർ സിന്ധു വി, കില സീനിയർ അർബൻ ഫെല്ലോ ഡോ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 53 സ്ത്രീകളാണ് ശില്‍പ്പശാലയിൽ പങ്കെടുക്കുന്നത്. വർക്ക് ഷോപ്പുകളും പ്രാക്ടിക്കൽ സെഷനുമായാണ് ആദ്യദിനം തുടങ്ങിയത്. തുടർന്ന് അന്താരാഷ്ട്ര നാടകോത്സവ വേദി സന്ദര്‍ശിച്ച് നാടകങ്ങള്‍ കാണാനും നാടകത്തിന്റെ ഒരുക്കങ്ങള്‍ നേരിട്ട് മനസിലാക്കാനുമുള്ള അവസരവും ഒരുക്കി. അഭിനയ, കലാ രംഗത്ത് താത്പര്യമുള്ള സ്ത്രീകള്‍ക്ക് നാടകത്തെ അടുത്തറിഞ്ഞ് ആ മേഖലയില്‍ അവര്‍ക്ക് ശോഭിക്കാനുള്ള മികച്ച അവസരം കൂടിയാണ് ഈ ശില്‍പ്പശാല. ദേശീയ നാടകരംഗത്തെ പ്രഗത്ഭനായ എം കെ  റെയ്നയാണ് ആദ്യ രണ്ട് ദിവസം ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. തുടർന്നുള്ള ദിവസം അനുരാധ കപൂര്‍, നീലം മാന്‍സിങ് എന്നിവർ ശില്‍പ്പശാല നയിക്കും.

53 വനിതകളില്‍ 30 പേര്‍ കുടുംബശ്രീയുടെ രംഗശ്രീ ടീം അംഗങ്ങളാണ്. കലാ, സാംസ്‌ക്കാരിക മേഖലകളിലെ സ്ത്രീ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ രൂപം നല്‍കിയ അയല്‍ക്കൂട്ടാംഗങ്ങളുടെ തിയേറ്റര്‍ ഗ്രൂപ്പുകളാണ് രംഗശ്രീ. ഏഴ് വനിതകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുള്ളവര്‍ കേരളത്തിലെ വിവിധ നാടക ട്രൂപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. പാലക്കാട് അട്ടപ്പാടിയില്‍ നിന്ന് രണ്ട് പട്ടികവര്‍ഗ പിന്നോക്ക യുവതികളും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നുണ്ട്. അമേച്വര്‍ നാടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ വരെ ഇതിന്റെ ഭാഗമാണ്. 20 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.

ഫെബ്രുവരി 12 വരെ നീണ്ടു നില്‍ക്കുന്ന ശില്‍പ്പശാല എല്ലാ ദിവസവും രാവിലെ 8 മുതല്‍ 11 വരെയാണ്. കിലയുടെയും കുടുംബശ്രീയുടെയും  സഹകരണത്തോടെയാണ്  സംഘടിപ്പിക്കുന്നത്.

date