Skip to main content

സഞ്ചാരികളെ ഇതിലെ: ഇറ്റ്ഫോക്കിൽ ഡിടിപിസിയുടെ ട്രാവൽ ഡെസ്ക്

പ്രകൃതിയും പൈതൃകവും കൈകോർക്കുന്ന തൃശൂർ ജില്ലയുടെ ഭൂവൈവിദ്ധ്യം ആസ്വദിച്ച് ഒരു യാത്ര പോയാലോ? മലനിരകളും കാട്ടുചോലകളും വെള്ളച്ചാട്ടങ്ങളും കണ്ട് സ്വപ്നം പോലൊരു യാത്രയ്ക്ക് വിളിക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ജില്ലയിൽ പുരോഗമിക്കുന്ന പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി ഡിടിപിസിയുടെ നേതൃത്വത്തിൽ ആരംഭിച്ച ട്രാവൽ ഡെസ്ക്ക് ആണ് സഞ്ചാരികളെ വിളിക്കുന്നത്.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെയും  അവിടേയ്ക്കുള്ള പാക്കേജുകളെയും പരിചയപ്പെടുത്തുകയാണ് ട്രാവൽ ഡെസ്ക്കിലൂടെ ഉദ്ദേശിക്കുന്നത്.  ഡെസ്ക്കിന്റെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രനും കേരള സംഗീത നാടക  അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളിയും ചേർന്ന് നിർവഹിച്ചു. ഡിടിപിസി സെക്രട്ടറി ഡോ. ജോബി ജോർജ് പങ്കെടുത്തു.

ഇറ്റ്ഫോക്കിന് എത്തുന്ന വിദേശികൾക്ക് ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ട്രാവൽ ഡെസ്ക്കുമായി ബന്ധപ്പെട്ടാൽ ലഭിക്കും.  സഞ്ചാരികൾക്ക് സൗകര്യപ്രദമായ സമയത്ത് യാത്ര ചെയ്യാം. ഇതിന് പുറമെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വാട്ടർ ടൂറിസം, ഡാം ടൂറിസം, കൾച്ചറൽ ടൂറിസം, മുസിരിസ് ഹെറിറ്റേജ് ടൂറിസം, ബാക്ക് വാട്ടർ ടൂറിസം, അസോർട്ടഡ് സർക്യൂട്ട് ടൂറിസം എന്നിങ്ങനെ 6 ടൂറിസം  സർക്യൂട്ടും വിഭാവനം ചെയ്തിട്ടുണ്ട്.

ഡേ വിത്ത് മാസ്റ്റേഴ്സ് അറ്റ് കലാമണ്ഡലം എന്ന പാക്കേജിന്റെ ഭാഗമായി കേരള കലാമണ്ഡലം സന്ദർശിക്കാനും അവസരം ഒരുക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഡിടിപിസിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഡെസ്ക് രൂപീകരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും തുടർന്ന് നൈറ്റ് ഡെസ്ക്കും ഉണ്ട്. കെ ടി മുഹമ്മദ് തിയേറ്റർ പരിസരത്താണ് ഡെസ്ക് പ്രവർത്തിക്കുന്നത്.

date