Skip to main content

ഇറ്റ്‌ഫോക്കില്‍ രസിപ്പിച്ച് കുട്ടിത്താരങ്ങള്‍

*മായാബസാറില്‍ തിളങ്ങി സംവിധായകന്റെ മക്കളും

പതിമൂന്നാമത് ഇറ്റ്‌ഫോക്കില്‍ അരങ്ങേറിയ മായാബസാറില്‍ തിയറ്ററില്‍ ചിരി പടര്‍ത്തിയ കുട്ടിത്താരങ്ങളെ ഏറ്റെടുത്ത് കാണികള്‍. 137 വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള സുരഭി തിയേറ്റര്‍ കമ്പനിയുടെ (സുരഭി നാടക സംസ്ത) പ്രശസ്തമായ നാടകം മായാബസാര്‍ ആണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കെ ടി മുഹമ്മദ് തീയേറ്ററില്‍ ആരാധകരെ സ്വന്തമാക്കി അരങ്ങ് തകര്‍ത്തത്.  

കുട്ടി താരങ്ങളുടെ നിഷ്‌കളങ്കമായ കളികള്‍ കാണികളെ ഏറെ രസിപ്പിച്ചു. രണ്ടര വയസുള്ള  അന്‍ഷിക വര്‍മ, അഞ്ച് വയസുകാരി  പര്‍ണിക വര്‍മ, നാല് വയസുകാരന്‍ യുവരാജ് എന്നിവര്‍ കൃത്യതയോടെ തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. അന്‍ഷികയും പര്‍ണികയും മായാബസാര്‍ സംവിധായകന്‍ സുരഭി ജയചന്ദ്രവര്‍മ്മയുടെ മക്കളാണ്. വലിയ വേദിയും കണ്ണഞ്ചിക്കുന്ന വെളിച്ചസംവിധാനങ്ങളും നാടകത്തില്‍ അവരെ ഭയപ്പെടുത്തിയില്ല. ഭീമന് ഹിഡുംബിയിലുണ്ടായ മകന്‍ ഘഡോല്‍ക്കചന്റെ അനുചരന്മാരുടെ സംഘത്തിലാണ് കുട്ടിത്താരങ്ങള്‍ കറുത്ത വേഷവും ബള്‍ബ് കത്തുന്ന കുഞ്ഞിക്കൊമ്പുകളും കുഞ്ഞുവാളുകളുമായി അരങ്ങിനെ കൈയ്യിലെടുത്തത്. മായ കാട്ടുന്ന ഘടോല്‍ക്കചനൊപ്പം ആളുകളെ ഭയപ്പെടുത്താന്‍ ഏല്‍പ്പിച്ചത് ഈ ഭയങ്കരന്‍മാരായ കുട്ടിരാക്ഷസന്‍മാരെയാണ്. അവരുടെ കുഞ്ഞു ഗര്‍ജ്ജനങ്ങള്‍ക്ക് കാണികള്‍ കൈയടി നല്‍കി.  
ഇറ്റ്‌ഫോക്കിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളും മായാബസാറിലെ ഈ കുട്ടികളാണ്.

മഹാഭാരതത്തിലെ കഥയില്‍ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയിലെ മറാത്തി നാടോടിക്കഥകളില്‍ നിന്നുള്ള ഒരു കഥ ഉള്‍ക്കൊണ്ടാണ് മായാബസാര്‍ നാടകം അവതരിപ്പിക്കുന്നത്. ഇറ്റ്‌ഫോക്കില്‍ തുടര്‍ച്ചയായി രണ്ട് ദിവസങ്ങളിലും നാടകം പ്രദര്‍ശനത്തിനെത്തി. ബലരാമന്റെ മകള്‍ അഭിമന്യുവും ശശിരേഖയും തമ്മിലുള്ള പ്രണയകഥയാണ് നാടകത്തില്‍ പറയുന്നത്. എന്നാല്‍ നാരദന്റെ ഇടപെടല്‍ മൂലം ബലരാമന്‍ കല്യാണത്തിന് എതിര്‍ക്കുന്നു. തുടര്‍ന്ന് ഭീമന്റെ മകനായ ഘടോല്‍കചന്റെ വരവോടെ അഭിമന്യുവും ശശിരേഖയും തമ്മിലുള്ള പ്രണയസാഫല്യം നടക്കുന്നതാണ്നാടകാവസാനം. നാടകത്തില്‍ സ്പെഷ്യല്‍ ഇഫക്റ്റുകള്‍, നാടകീയതകള്‍ നിറഞ്ഞു നില്‍ക്കുന്നു. പുരാണ നാടകങ്ങളിലെ വേഷവിധാനങ്ങള്‍, മികച്ച സ്റ്റേജ് അലങ്കാരങ്ങളും, വെളിച്ച സന്നിവേശങ്ങളും, വര്‍ണാഭമായ തിരശ്ശീലകളും, പശ്ചാത്തലങ്ങള്‍ എന്നിവ ഉപയോഗിച്ച് പുരാണകഥയെ മായാബസാറിനെ സ്റ്റേജില്‍ സജീവമാക്കി. പുരാണകഥകളുടെയോ നാടോടിക്കഥകളുടെ നാടകീയ രംഗാവിഷ്‌കാരങ്ങളാണ് സുരഭി അവതരണം.

date