Skip to main content

ആർട്ടിക് രംഗാവതരണം മലയാള നാടകത്തിന് വ്യത്യസ്ത അനുഭവം: നടൻ പി ജെ ഉണ്ണികൃഷ്ണൻ

ആർട്ടിക് നാടകത്തിലെ രംഗാവതരണം  മലയാള നാടകത്തിന് വ്യത്യസ്ത അനുഭവം പകരുന്നു എന്ന് പ്രമുഖ നാടകനടൻ പി ജെ ഉണ്ണികൃഷ്ണൻ. നാടകത്തിലെ ചെറിയ ചലനങ്ങളിൽ പോലും പുതുമ നൽകി  ഓരോ പ്രേക്ഷകനും സ്വയം നാടകത്തിലലിയുന്ന അനുഭവമാണ്  ആർട്ടിക് സമ്മാനിക്കുന്നത്. പരമ്പരാഗത ശൈലിയിൽ നിന്ന് മലയാള നാടകത്തിൽ വേറിട്ട കാഴ്ചകളേകുന്ന സംവിധായകനാണ് കെ ആർ രമേഷെന്നും അദ്ദേഹം പറഞ്ഞു.

പതിമൂന്നാമത് നാടകോത്സവത്തിൽ രംഗാവതരണം കൊണ്ട്  പ്രേക്ഷക ശ്രദ്ധ നേടിയ  ആർട്ടിക് നാടകത്തിൽ  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് പി  ജെ ഉണ്ണികൃഷ്ണൻ. നാടക വേദികളിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹം ഇറ്റ്ഫോക്കിനെ കുറിച്ചും വാചാലനാണ്.

അന്താരാഷ്ട്ര നാടകോത്സവം കാഴ്ചയ്ക്കും ചിന്തയ്ക്കും നവ്യാനുഭൂതി പകരുന്നു എന്ന് പറയുന്ന അദ്ദേഹം  നാടക ലോകത്തെ പുതു സംവിധാനങ്ങൾ ഇത്തരം വേദികളിലൂടെ ഗ്രഹിക്കാനാകുന്നു എന്നും അഭിപ്രായപ്പെട്ടു.
ഇറ്റ്ഫോക്കിന് ജനപ്രീതി വർധിക്കുന്ന കാലമാണിത്.  നാടകങ്ങൾ കാണാനും പഠിക്കാനുമായി നിരവധി പേർ എത്തുന്നത് പ്രതീക്ഷയുണ്ടാക്കുന്നുവെന്നും ഉണ്ണിക്കൃഷ്ണൻ പറയുന്നു.

കെ ആർ രമേഷ് സംവിധാനം ചെയ്ത ആർട്ടിക് അവതരണത്തോടെയാണ് കഴിഞ്ഞ ദിവസം ഫാവോസ് തീയേറ്റർ ഉണർന്നത്. കുട്ടനാടൻ കർഷകന്റെ അബോധതലത്തിൽ ഉറങ്ങി കിടക്കുന്ന ചിന്തകലളിലൂടെ ഉള്ള യാത്രയാണ് നാടക പശ്ചാത്തലം. ഓർമകളുടെ ലോകത്തിൽ നിന്ന്  ആക്ഷേപഹാസ്യ രൂപത്തിലേക്ക് നാടകം വഴിമാറുന്നതോടെ ദുരന്തത്തിലേക്ക് നീങ്ങുന്നതാണ് പ്രമേയം.

date