Skip to main content

ജില്ലാ സംയുക്ത പദ്ധതികൾ ചർച്ചചെയ്തു

2023 - 24 വാർഷിക പദ്ധതിയിൽ ജില്ലാ പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട ജില്ലാ സംയുക്ത പദ്ധതികൾ ചർച്ചചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ക്യാൻ ത്യശ്ശൂരിൻറെ ഭാഗമായി നടത്തുന്ന ക്യാമ്പുകൾ മാർച്ച് 20നകം പൂർത്തിയാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പദ്ധതിക്ക് കീഴിൽ കുന്നംകുളം, വലപ്പാട് താലൂക്കാശുപത്രികളിൽ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കും.

എ ബി സി ഡി പദ്ധതിക്ക് കീഴിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഷെൽട്ടർ ഹോമുകൾ പ്രവർത്തനസജ്ജമാകും. അതിലേക്കായി പദ്ധതി അടുത്ത സാമ്പത്തിക വർഷവും തുടരുന്നതിനു തീരുമാനിച്ചു. ശുചിപൂർണ പദ്ധതിക്ക് കീഴിൽ ദ്രവമാലിന്യ സംസ്കാരം കേന്ദ്രങ്ങൾ തുടങ്ങുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ 25 സെന്റ്‌ സ്ഥലം കണ്ടെത്തി നൽകേണ്ടതുണ്ടെന്നും മറ്റു സാങ്കേതിക സഹായം ശുചിത്വ മിഷൻ നൽകുമെന്നും അറിയിച്ചു. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതം ഒട്ടേറെ മാതൃകാ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും പദ്ധതി വരുന്ന സാമ്പത്തിക വർഷവും തുടരേണ്ടതുണ്ടെന്നും യോഗം തീരുമാനിച്ചു.

പട്ടികവർഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി നടപ്പാക്കുന്ന ഊരുമിത്ര പദ്ധതിയിൽ കോർപറേഷൻ ട്രൈബൽ ഫണ്ട് കൂടി ഉപയോഗിക്കുന്നതിനു തീരുമാനിച്ചു.

ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ആസൂത്രണ സമിതി സർക്കാർ നോമിനി ഡോ. എം എൻ സുധാകരൻ, ഡി ആർ സി അംഗം അനൂപ് കിഷോർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, തദ്ദേശ സ്ഥാപന പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date