Skip to main content

രാജേന്ദ്ര മൈതാനം 14 ന് തുറക്കും, ജി സി ഡി എയുടെ നേതൃത്വത്തിൽ നഗരത്തിൽ ഷീ ഹോസ്റ്റലും ഹോസ്റ്റലും വനിതാ ഫിറ്റ്നസ് സെന്‍ററും

 

കൊച്ചി നഗരത്തിലെ രാജേന്ദ്ര രാജേന്ദ്ര മൈതാനം വീണ്ടും പൊതുജനങ്ങൾക്കായി തുറക്കുന്നു. 14 ന് വൈകിട്ട് അഞ്ചരയ്ക്ക് ജി സി ഡി എ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് മന്ത്രി എം.ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് തുറന്ന് നൽകൽ പ്രഖ്യാപനം നിർവഹിക്കും. പ്രൊഫ.എം.കെ സാനു മുഖ്യ പ്രഭാഷണം നടത്തും.  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, പി വി ശ്രീനിജിൻ, ജില്ലാ കളക്ടർ രേണു രാജ് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് ഏഴ് മണിക്ക് സിതാര കൃഷ്ണകുമാറിന്റെ സംഗീത നിശയും നടക്കും.

മണപ്പാട്ടിപ്പറമ്പിൽ പൊതു -സ്വകാര്യ പങ്കാളിത്തത്തിൽ സിറ്റി സ്‌ക്വയർ പദ്ധതി നടപ്പാക്കുമെന്ന് ജി സി ഡി എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അറിയിച്ചു. ഷോപ്പിംഗ് മാൾ, മൾട്ടിപ്ലക്‌സ്, ഓഫീസ് സ്‌പേസ്, കൺവൻഷൻ സെന്റർ, ഔട്ഡോർ റിക്രിയേഷണൽ സ്‌പെയ്‌സുകൾ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജി സി ഡി എ നിർവാഹക സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു ചന്ദ്രൻപിള്ള. ജി സി ഡി എ യുടെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും  പുറത്തിറക്കി.കലൂർ സ്റ്റേഡിയത്തിലെ റൂഫ്  അപകടത്തിലാണെന്നും  അറ്റകുറ്റപണിക്കായി 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായും അദ്ദേഹം പറഞ്ഞു.

കലൂർ മാർക്കറ്റ് നവീകരണം ഉടൻ ആരംഭിക്കും. നാലര മാസത്തിനകം മാർക്കറ്റ് പൊതുജനങ്ങൾക്കായി തുറന്ന് നൽകും. ഗാന്ധി നഗറിൽ വനിതാ ഫിറ്റ്നസ് സെന്റർ ഉടൻ യാഥാർഥ്യമാക്കും. ജി സി ഡി എ യുടെ തനത് ഫണ്ടിൽ നിന്ന് മൂന്നര കോടി രൂപ ഉപയോഗിച്ചായിരിക്കും നിർമാണം. നഗരത്തിന്റെ വിവിധ സ്‌ഥലങ്ങളിൽ ടോയ്‌ലറ്റ് ബ്ലോക്കുകൾ നിർമ്മിക്കും. ചങ്ങമ്പുഴ പാർക്ക് നവീകരണം ഉടൻ ആരംഭിക്കും. എക്സിബിഷൻ സൗകര്യം കൂടി ഏർപ്പെടുത്തി 4.17 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്.   ഗ്രെറ്റർ കൊച്ചി സ്പോർട്ട്സ് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. മറൈൻഡ്രൈവ് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് പദ്ധതിക്കായി തയാറാക്കിയ രൂപരേഖ ജി സി ഡി എ നിർവാഹക സമിതി അംഗീകരിച്ചു. കാക്കനാട്  പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ,പാർപ്പിട സമുച്ചയം നിർമിക്കും. കലൂരിൽ ഷോപ്പ് കം ഓഫീസ് കോംപ്ലക്സ്, ഹൈക്കോടതി ജംഗ്‌ഷനിൽ ബഹുനില വാണിജ്യ കെട്ടിട സമുച്ചയം എന്നിവയും നടപ്പാക്കും. ചിലവന്നൂർ  ബണ്ട് റോഡിന്റെ പൂർത്തീകരണത്തിനായി ഫണ്ട് ലഭ്യമാക്കാൻ കിഫ്ബിക്ക് റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഷീ ഹോസ്റ്റൽ നിർമിക്കുന്നതിനായി പ്ലാൻ ഫണ്ടിൽ നിന്ന് സർക്കാർ മൂന്ന് കോടി രൂപ അനുവദിച്ചതാണ് വിശദമായ പദ്ധതി രൂപ രേഖ ഉടൻ തയാറാക്കുമെന്നും ചെയർമാൻ അറിയിച്ചു. എം എൽ എ മാരായ കെ.ജെ മാക്‌സി, പി.വി ശ്രീനിജിൻ, ജി സി ഡി എ സെക്രട്ടറി കെ.വി അബ്ദുൾ മാലിക്, എ.ബി സാബു, അനിൽകുമാർ  തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

date