Skip to main content

മിഷന്‍ അന്ത്യോദയ സര്‍വ്വേയ്ക്ക് തുടക്കമായി;  ഫെബ്രുവരി 28 വരെ തുടരും

 

 പഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിനുള്ള മിഷന്‍ അന്ത്യോദയ സര്‍വ്വേ 2022-23 ജില്ലയില്‍ ആരംഭിച്ചു. ഫെബ്രുവരി 28 വരെ തുടരും. കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രാലയം വിഭാവനം ചെയ്യുന്ന മിഷന്‍ അന്ത്യോദയ സര്‍വ്വേ ഗ്രാമീണ മേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ളതാണ്. 

 

    
    21 വിഷയമേഖലകളില്‍ 182 ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി 216 ഡാറ്റ പോയിന്റുകളിലൂടെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വിവരശേഖരണം നടത്തി 45 അടിസ്ഥാന സൗകര്യമേഖലകളെ ജിയോ ടാഗിങ്ങ് നടത്തും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ ശേഖരിച്ച വിവരങ്ങള്‍ പഞ്ചായത്ത്, ബ്ലോക്ക്തല അംഗീകാരങ്ങള്‍ക്ക് ശേഷം മിഷന്‍ അന്ത്യോദയ വെബ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്ക് റാങ്കിംഗ് നല്‍കുകയും വിടവ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യും. 

 

    സര്‍വ്വേയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന, ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,  ജില്ലാതല നോഡല്‍ ഓഫീസറായി സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ബ്ലോക്ക്തല നോഡല്‍ ഓഫീസര്‍മാരായി ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. 

 

    ജില്ലാതല മോണിറ്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സര്‍വ്വേ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കണമെന്നും സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രാധാന്യം മനസിലാക്കി സമയബന്ധിതമായി നടപടികള്‍ എല്ലാ ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. 

 

date