Skip to main content

നാടകദിനങ്ങള്‍ക്ക് ഇന്ന് (ഫെബ്രുവരി 14) സമാപനം

*കൊട്ടിക്കലാശത്തിന് മംഗനിയാര്‍ സെഡക്ഷനും

അതിരുകള്‍ മാഞ്ഞ നാടകകാലത്തിനോട് വിട പറയാനൊരുങ്ങി ത്യശൂര്‍. പത്ത് നാള്‍ നീണ്ട വിശ്വ നാടക ദിനങ്ങള്‍ക്ക് ഇന്ന് (ഫെബ്രുവരി 14) സമാപനം. കോവിഡ് വരുത്തിയ ഇരുണ്ട കാലത്തിന് ശേഷം ഉണര്‍ന്ന അരങ്ങില്‍ 'ഒന്നിക്കണം മാനവികത' എന്ന പ്രമേയത്തിന് കീഴില്‍ നാട് മുഴുവന്‍ അണിചേര്‍ന്നു. നാടകങ്ങളും സംഗീതനിശകളും മറ്റ് അനുബന്ധ പരിപാടികളുമായി ഇറ്റ്‌ഫോക്ക് ദിനങ്ങള്‍ അരങ്ങ് തകര്‍ത്തു.

കെ ടി മുഹമ്മദ് തിയറ്റർ മുറ്റത്തെ പ്രത്യേക വേദിയിൽ  ഇന്ന് (ഫെബ്രുവരി 14) വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് തേവര്‍കോവില്‍ മുഖ്യാതിഥിയാകും. പി ബാലചന്ദ്രന്‍ എംഎല്‍എ, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി, വൈസ് ചെയര്‍മാന്‍ പി ആര്‍ പുഷ്പവതി, ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂര്‍, ബി അനന്തകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

റോയ്സ്റ്റണ്‍ ആബേല്‍ ചിട്ടപ്പെടുത്തിയ മാന്ത്രിക സംഗീതം മംഗനിയാര്‍ സെഡക്ഷനോടെയാണ് നാടകദിനത്തിന് സമാപനം കുറിക്കുന്നത്. പവലിയന്‍ തിയേറ്ററില്‍ ഇന്ന് രാത്രി 8.45ന് മംഗനിയാര്‍ സംഗീതം ആരാധകര്‍ക്ക് മുന്നിലെത്തും. ചുവന്ന നിറമുള്ള 36 ക്യുബിക്കിള്‍ 43 സംഗീതജ്ഞര്‍  പവലിയന്‍ തിയേറ്ററില്‍ മാന്ത്രിക സംഗീതനിശ തീര്‍ക്കും. സംഗീതത്തോടൊപ്പം വാദ്യോപകരണങ്ങളും ശബ്ദത്തിന്റെ നാടകീയതയും സമന്വയിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികതയാണ് മംഗനിയാര്‍ സെഡക്ഷന്റെ പ്രത്യേകത.

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ , ബാര്‍മര്‍ ,ജോധ്പൂര്‍ ജില്ലകളില്‍ താമസിച്ചു വരുന്ന മുസ്ലീം സംഗീതജ്ഞരുടെ ഒരു വിഭാഗമാണ് മംഗനിയാര്‍. 33 രാജ്യങ്ങളില്‍  മികച്ച പ്രകടനം കാഴ്ചവച്ച ബാന്റ് കൂടിയാണിത്. 2006ല്‍ ഡല്‍ഹിയില്‍ നടന്ന ചലച്ചിത്രോത്സവത്തിലാണ് മാംഗനിയാര്‍ ആദ്യമായി അവതരിപ്പിച്ചത്.

ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥമുള്ള  കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ് ( എഅഛട) തീയേറ്റര്‍ ഉള്‍പ്പെടെ ഏഴ് വേദികളാണ് കഴിഞ്ഞ ദിവസങ്ങളായി നഗരവീഥികളെ ത്രസിപ്പിച്ചത്. അന്തര്‍ദേശീയ നാടകോത്സവത്തിന് ചുക്കാന്‍ പിടിച്ച  നടന്‍  മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയറ്റര്‍, ബ്ലാക്ക് ബോക്‌സ്, കെ ടി മുഹമ്മദ് തീയേറ്റര്‍, പവലിയന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക് ഗ്യാലറി എന്നിവയായിരുന്നു മറ്റ് വേദികള്‍. നാടകങ്ങള്‍ കാണാനും ചര്‍ച്ചകളുടെ ഭാഗമാകാനും നിരവധി പേരാണ് ദിനം പ്രതി നാടക പരിസരത്ത് ഒത്തുച്ചേര്‍ന്നത്. വിവിധ ബാന്റുകളുടെ നേതൃത്വത്തില്‍ നടന്ന സംഗീത നിശകളും നാടകദിനങ്ങളുടെ ആവേശം ഉയര്‍ത്തി.

date