Skip to main content

വന്യജീവി ആക്രമണം തടയാന്‍ 24 കോടിയുടെ കിഫ്ബി പദ്ധതി* 

 

 

സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി വിവിധ വനാതിര്‍ത്തികളില്‍ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് ടെക്‌നോളജി തയ്യാറാക്കിയ പരിഷ്‌ക്കരിച്ച ഡിസൈന്‍ പ്രകാരം ക്രാഷ് ഗാര്‍ഡ് സ്റ്റീല്‍ റോപ് ഫെന്‍സിംഗ് നടത്തുന്നതിനും ഇത് പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ഹാംഗിങ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 കോടി രൂപ അനുവദിച്ചതായും ഇപ്രകാരം പദ്ധതിയില്‍ മാറ്റം വരുത്താന്‍ അനുമതി നല്‍കിയതായും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

നോര്‍ത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളില്‍ ക്രാഷ് ഗാര്‍ഡ് സ്റ്റീല്‍ റോപ് ഫെന്‍സിംഗ് നടത്തുന്നത് പ്രായോഗികമല്ല എന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആയതിനാല്‍ അങ്ങനെയുള്ള പ്രദേശങ്ങളില്‍ സോളാര്‍ ഹാഗിംഗ് ഫെന്‍സിംഗ് ആണ് സ്ഥാപിക്കുക. ആകെ അനുവദിച്ച 24 കോടിയില്‍ എന്‍.ഐ.ടി തയ്യാറാക്കിയ പരിഷ്‌കരിച്ച ഡിസൈന്‍ പ്രകാരം ഈ ഇനത്തില്‍ ലാഭിക്കാന്‍ പറ്റുന്ന ബാക്കി തുകയായ 9.21 കോടി രൂപ കൂടി അനുയോജ്യമായ മറ്റ് നടപടികള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ്.

സൗത്ത് വയനാട് ഡിവിഷനിലെ ദാസനക്കര-പത്തിരിയമ്പം- പാത്രമൂല- കക്കോടം ബ്ലോക്ക് - 750 ലക്ഷം, കൊമ്മഞ്ചേരി, സുബ്രമണ്യംകൊല്ലി പ്രദേശം -175 ലക്ഷം, വേങ്ങോട് മുതല്‍ ചെമ്പ്ര വരെ - 250 ലക്ഷം, കുന്നുംപുറം - പത്താം മൈല്‍ - 150 ലക്ഷം, നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ തീക്കാടി - പുലക്കപ്പാറ- നമ്പൂരിപൊതി പ്രദേശം-225 ലക്ഷം, നോര്‍ത്ത് വയനാട് ഡിവിഷനിലെ കൂടക്കടവ് മുതല്‍ പാല്‍വെളിച്ചം വരെ - 300 ലക്ഷം, വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ വടക്കനാട് -225 ലക്ഷം, കാന്നല്‍ മുതല്‍ പാഴൂര്‍ തോട്ടമൂല വരെ - 325 ലക്ഷം എന്നിങ്ങിനെയാണ് തുക അനുവദിച്ചത്. സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി (SFDA) ആണ് ഈ പദ്ധതി നടത്തിപ്പിനുള്ള ഏജന്‍സി(SPV).

date