Skip to main content

സര്‍വ്വമത സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട ചിന്തകള്‍  അന്നും ഇന്നും എന്നും പ്രസക്തം: മുഖ്യമന്ത്രി 

 

    ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട പല വാദങ്ങളും ചിന്തകളും അന്നും ഇന്നും എന്നും പ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ മതം ഇടപെടരുതെന്നും മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിവുണ്ടാകണമെന്നുമുള്ള പ്രധാന ചിന്ത മുന്നോട്ടുവച്ച സമ്മേളനമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധുനികവും ശാസ്ത്രീയവുമായി നൂറ്റാണ്ടിന് മുന്നേ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനം ആരെയും വിസ്മയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ 1924-ല്‍ ആലുവയില്‍ നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം അദ്വൈതാശ്രമത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

    കാലത്തെ അതിജീവിച്ച് പ്രസക്തവും യുക്തവുമായി നില്‍ക്കുന്ന ചിന്തകള്‍ സമൂഹത്തിന് നല്‍കി എന്നത് തന്നെയാണ് സര്‍വ്വമത സമ്മേളനത്തിന്റെ പ്രസക്തി. മാറിവരുന്ന കാലത്തിനനുസരിച്ച് പ്രസക്തമായിരിക്കണം സര്‍വ്വമത സമ്മേളനത്തിലെ ചിന്തകള്‍ എന്ന് ശ്രീനാരായണ ഗുരുവിന് നിര്‍ബന്ധം ഉണ്ടായിരുന്നു. സമ്മേളനത്തിലെ അന്നത്തെ ചിന്തകളെ പുതിയ കാലത്തിലും പ്രയോഗിക്കേണ്ടതുണ്ടെന്നും അതിന് ഉപകരിക്കുന്നതാകണം ശബ്ദാബ്ദി ആഘോഷ പരിപാടികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ജാതി മതാതീതവും യുക്തിസഹവുമായ ജീവിത വീക്ഷണത്തെയും സാമൂഹ്യദര്‍ശനത്തെയും ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു സമ്മേളത്തിലെ സംവാദങ്ങള്‍. ജാതി മത വര്‍ഗ വേര്‍തിരിവുകള്‍ കൊണ്ടുള്ള അവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവരുമെന്നും മനുഷ്യത്വം നിലനിര്‍ത്താന്‍ ഇത്തരം വകഭേദങ്ങള്‍ക്ക് അതീതമായ മനസ് സമൂഹത്തില്‍ രൂപപ്പെടുത്തിയേ പറ്റൂവെന്ന് അന്നത്തെ സമ്മേളനം വ്യക്തമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. 

    ഗുരു മുന്നോട്ടുവച്ച വിദ്യാഭ്യാസ സങ്കല്പങ്ങള്‍ തന്നെയാണ് നമ്മള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. അമ്പലങ്ങളും മറ്റും സ്ഥാപിച്ച ഗുരുതന്നെയാണ് അമ്പലങ്ങളെക്കാള്‍ പ്രാധാന്യം വിദ്യാലയങ്ങള്‍ക്കുണ്ടെന്ന് പിന്നീട് പറഞ്ഞത്.  വിദ്യ അഭ്യസിച്ചാല്‍ മാത്രമേ മനുഷ്യന്റെ അടിസ്ഥാനം മെച്ചപ്പെടുത്താന്‍ കഴിയൂ. കാര്‍ഷിക, വ്യവസായിക രംഗങ്ങളിലെ ഉയര്‍ച്ചയ്ക്കും വിദ്യാഭ്യാസം ആവശ്യമാണെന്നും ഗുരു നമ്മെ പഠിപ്പിച്ചു. ഇവയെല്ലാം തന്നെ കേരളത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് ഇന്നും പ്രസക്തമാണ്. വിദ്യയിലൂടെ പ്രബുദ്ധരാകുക എന്ന് പഠിപ്പിച്ച ഗുരുവിന്റെ സ്മരണയ്ക്കും ആദരവിനുമായാണ് പുതുതായി ആരംഭിച്ച ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് ഗുരുവിന്റെ പേര് നല്‍കിയത്. മാനവികതയുടെ മൂല്യങ്ങള്‍ സമൂഹത്തിന് നല്‍കുന്ന മികച്ച സ്ഥാപനമാക്കി ഈ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയെ മാറ്റും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ആശയതലത്തില്‍ മാത്രമല്ല പ്രായോഗിക തലത്തിലും ഗുരുദര്‍ശനങ്ങള്‍ നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

    മതത്തെ പൗരോഹിത്യം ദുരുപയോഗിക്കുന്നതിലെ ആപത്തിനെക്കുറിച്ചും മതസ്പര്‍ദ്ധ വളര്‍ത്തുന്നവര്‍ക്കെതിരെയും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന സമ്മേളനമായിരുന്നു അത്. വിജ്ഞാനത്തിന് മത, ദേശഭേദമില്ലാതെ ഏത് ഗ്രന്ഥവും സ്വീകരിക്കാമെന്നും സമ്മേളനം വാദിച്ചു. ഏതെങ്കിലും വിശ്വാസം അബദ്ധമാണെന്ന ആരെങ്കിലും യുക്തിപൂര്‍വം ചൂണ്ടിക്കാണിച്ചാല്‍ അത് ചര്‍ച്ചയാക്കുവാനും സമ്മേളനം തയ്യാറായിരുന്നു. 

    കേരളത്തിന്റെ വളര്‍ച്ചയില്‍ ഗുരുവിന്റെ പങ്ക് പ്രധാനമാണ്.കേരളം മാതൃകാപരമായി ഉയര്‍ന്നുനില്‍ക്കുന്നതില്‍ അസഹിഷ്ണതയുള്ള വര്‍ഗീയ ശക്തികളെ തോല്‍പ്പിക്കുവാന്‍ ഗുരു പകര്‍ന്നുനല്‍കിയ ദര്‍ശനങ്ങള്‍ കരുത്ത് പകര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷതവഹിച്ചു.  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യാതിഥിയായിരുന്നു. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എന്‍ സോമന്‍ വിശിഷ്ടാതിഥിയായിരുന്നു. അന്‍വര്‍ സാദത്ത് എം.എല്‍.എ, ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ഒ ജോണ്‍, ശിവഗിരിമഠം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍, ധര്‍മ്മചൈതന്യ സ്വാമികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date