Skip to main content

സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം: നേട്ട തിളക്കത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്

2021-22 വർഷത്തെ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫിയുടെ രണ്ടാം സ്ഥാനം കണ്ണൂർ ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. പദ്ധതി പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ജില്ലാ പഞ്ചായച്ച് ഈ അംഗീകാരം നേടിയത്.  
2021-22 വർഷത്തിൽ 387 പദ്ധതികൾ നടപ്പിലാക്കി പൂർത്തീകരിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് വ്യത്യസ്ഥങ്ങളായ നൂതന ആശയങ്ങളുള്ള പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. കാർഷിക, മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിലും, പട്ടികജാതി പട്ടികവർഗ്ഗ മേഖലകളിലും, ഭിന്നശേഷി, വയോജന, വനിതാ, ശിശു മേഖലകളിലും ട്രാൻസ്‌ജെൻ ഡേഴ്‌സിനും ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും വൈവിധ്യങ്ങളായ പദ്ധതികൾ നടപ്പി ലാക്കിയതും ജില്ലാ പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചു.
ജില്ലാ പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയ പ്രധാനപ്പെട്ട മേഖലകൾ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടലുകളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തിയത്. ജില്ലാ ആശുപത്രിയിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചതും കോവിഡ് പ്രത്യേക വാർഡ് സ്ഥാപിച്ചതും രോഗികൾക്കും ബന്ധുക്കൾക്കുമായി 24 മണിക്കൂർ സജ്ജമാക്കിയ ഹെൽപ് ഡെസ്‌ക്, ലോക്ക് ഡൌൺ സമയത്ത് തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്ത പ്രവർത്തനങ്ങൾ, കണ്ണൂർ യൂനിവേഴ്‌സിറ്റിയുമായി ചേർന്ന് തയ്യാറാക്കിയ K-SAFE ആപ്ലിക്കേഷൻ, സ്ത്രീകൾക്കായുള്ള ജെൻഡർ ഹെല്പ് ഡെസ്‌ക് പദ്ധതി എന്നിവയാണ് ആദ്യ പരിഗണനയിലുൾപ്പെടുത്തിയത്.  
പട്ടികവർഗ മേഖലയിൽ ട്രൈബൽ മിഷൻ നടപ്പിലാക്കിയ ജില്ല പഞ്ചായത്തിന്റെ കരുതലോടെയുള്ള ചുവടുവെപ്പ് ഏറെ മാതൃകാപരമായിരുന്നു. യൂണിഫോം സേനയിലേക്കുള്ള പട്ടികവർഗ യുവതി യുവാക്കൾക്കുള്ള റിക്രൂട്ട്‌മെന്റ് പരിശീലനം, 110 പട്ടികവർഗ കോളനികളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കൽ, പട്ടികവർഗ യുവതി യുവാക്കൾക്കുള്ള ബാൻഡ് വിതരണം, പട്ടികവർഗ വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ ഗോത്ര വെളിച്ചം, പട്ടികജാതി വിഭാഗക്കാർക്ക് വാദ്യോപകരണ വിതരണം തുടങ്ങി നിരവധി പദ്ധതികൾ ഈ മേഖലയ്ക്കകത്ത് നടപ്പിലാക്കിയിട്ടുണ്ട്.  
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തിയ മുൻകൈ ജൂറി പ്രത്യേകം അഭിനന്ദിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 30 മിയാവാക്കി വനങ്ങൾ  കാർബൺ ന്യൂട്രൽ ജില്ല ലിറ്റിൽ ഫോറസ്റ്റ് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ഒരുക്കി.  നാട്ടുമാവുകൾ വച്ചുപിടിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി. വന്യമൃഗങ്ങളുടെ സംഘർഷ ബാധിത മേഖലയിൽ 11 കിലോമീറ്റർ സോളാർ ഫെൻസിംഗ് സ്ഥാപിച്ചു.  കൊട്ടില, ഉളിക്കൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ജൈവവൈവിധ്യ ഉദ്യാനങ്ങൾ നിർമ്മിച്ചു.
വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച വയോജന വിശ്രമ കേന്ദ്രത്തിനും കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിൽ  പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിനും ജില്ലാ പഞ്ചായത്ത് ധനസാഹയം നൽകി. എസ്.എം.എ ബാധിച്ചവർക്ക് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വീൽചെയർ അനുവദിക്കാൻ സാധിച്ചതും ഭിന്നശേഷിക്കാർക്ക് തൻവർഷം മാത്രം മൂന്ന് കോടി രൂപ സ്‌കോളർഷിപ്പ് നൽകിയതും ജില്ലാ ആശുപത്രി, ജില്ലാ ആയ്യുർവേദ ആശുപത്രി എന്നിവിടങ്ങളിൽ മരുന്ന് വാങ്ങാനും പ്രത്യേക പരിചരണത്തിനും സൗകര്യം ഒരുക്കിയതും അവാർഡിന് പരിഗണിക്കുന്നതിന് അർഹമാക്കി.  
2018-19 വർഷത്തിൽ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായും 2019-20 വർഷത്തിൽ മികച്ച മൂന്നാമത്തെ ജില്ലാ പഞ്ചായത്തായും തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്തിന് 2021-22 വർഷത്തെ തന്നെ സംസ്ഥാന വയോസേവന അവാർഡും സംസ്ഥാന ഭിന്നശേഷി അവാർഡും ലഭിക്കുകയുണ്ടായി.   2021-22 വർഷത്തെ സ്വരാജ് ട്രോഫി വിജയം കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കിരീടത്തിലെ ഈ വർഷത്തെ മറ്റൊരു പൊൻതൂവലാണ്.

date