Skip to main content

പുരക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം 19ന്

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ ആലക്കാട് പുരക്കടവിൽ വിയർ കം ട്രാക്ടർവെയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി.
ഫെബ്രുവരി 19ന് രാവിലെ 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും.
പുഴയിലെ ജലം അണകെട്ടി തടഞ്ഞു നിർത്തി കാർഷിക ആവശ്യങ്ങൾക്ക് ഉപയുക്തമാക്കുകയാണ് ഈ പദ്ധതിയിലൂടെ മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത്. മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും. പുഴയുടെ ഇരുകരകളിലും വന്നു നിൽക്കുന്ന റോഡുകൾ തമ്മിൽ പാലം മുഖേന ബന്ധിപ്പിക്കുന്നതു വഴി ഗതാഗതസൗകര്യം മെച്ചപ്പെടുന്നത് പ്രദേശത്തിന്റെ സർവ്വതോമുഖമായ വികസനത്തിന് വഴി തുറക്കും. ജലവിഭവ വകുപ്പ് നബാർഡിന്റെ സഹായത്തോട് കൂടി ക്ലാസ് ഒന്ന് വിഭാഗത്തിൽപ്പെടുത്തി ചെറുകിട ജലസേചന വിഭാഗം മുഖേനയാണ് പ്രവൃത്തി പൂർത്തികരിച്ചത്. ഇതിനായി സംസ്ഥാന സർക്കാർ 3.81 കോടി രൂപയാണ് അനുവദിച്ചത്. 2019 ഫെബ്രുവരി 21ന് മുൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
പദ്ധതിയിൽ 26 മീറ്റർ വീതിയുള്ള പുഴയ്ക്ക് കുറുകെ 12 മീറ്റർ നീളമുള്ള രണ്ട് മെക്കാനിക്കൽ ഷട്ടർ സംവിധാനത്തോടുകൂടിയ റഗുലേറ്ററും 3.25 മീറ്റർ വീതിയിൽ കാരേജ് വേയുള്ള വാഹന ഗതാഗതത്തിന് അനുയോജ്യമായ പാലവും നിർമ്മിച്ചിട്ടുണ്ട്. റഗുലേറ്ററിന്റെ സംഭരണശേഷി 2.50 മീറ്ററാണ്. ഷട്ടറടച്ച് വെക്കുന്ന സമയങ്ങളിൽ ഏകദേശം രണ്ട് കിലോമീറ്റർ നീളത്തിൽ ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്നുണ്ട്. റഗുലേറ്ററിനോടനുബന്ധിച്ച് ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും പൂർത്തീകരിച്ചിട്ടുണ്ട്.
പ്രവൃത്തി പൂർത്തിയായതോടെ ആലക്കാട്, ഒതേര തേനംകുന്ന് പ്രദേശങ്ങളിലെ 344.67 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യം ലഭ്യമായി. ആലക്കാട് നിന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള ദൂരം ഗണ്യമായി കുറയുകയും ചെയ്തു. ആയിരത്തിൽ പരം പേർക്ക് പദ്ധതിയുടെ നേരിട്ടുള്ള ഗുണം ലഭിക്കും. ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും, ഒരു പരിധിവരെ വരൾച്ചയെ നേരിടുന്നതിനും ഈ പദ്ധതികൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ.

date